കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ശേഷമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഒടിടിയിൽ എത്തുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഇറ്റലിയിലെ ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടിയിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്തത്.
കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയത്. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രവുമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
നിലപാടുകള്‍ കൊണ്ട് ശ്രദ്ധ നേടിയവരാണ് കനി കുസൃതിയും സംവിധായിക പായല്‍ കപാഡിയയും. കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രി അവാര്‍ഡ് വാങ്ങാന്‍ പായൽ കപാഡിയയും നടിമാരും എത്തിയത് രാജ്യന്തര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ടെലിവിഷൻ നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ ഗജേന്ദ്ര ചൗഹാനെ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ച നടപടിക്കെതിരെ നടന്ന സമരത്തിൻ്റെ മുന്നണിപ്പോരാളികളിലൊരാളായിരുന്നു പായൽ കപാഡിയ. ഇന്ന് ഇന്ത്യൻ സിനിമാ ചരിത്രത്തിൻ്റെ നാഴികക്കല്ലാണ് പായൽ. കൂടാതെ ചിത്രത്തിലെ ചില രംഗങ്ങളെ പറ്റി കേരളത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാം കാറ്റിപ്പറത്തിയാണ് സിനിമയുടെ ചരിത്ര മുന്നേറ്റം.
ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സഹനിർമ്മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് & ചീസ്, അനതർ ബർത്ത് എന്നീ ബാനറുകൾ ചേർന്നാണ്.