ഇന്ത്യൻ സിനിമ മുഴുവൻ മലയാള സിനിമ അടക്കി ഭരിക്കുന്ന കാലമാണ് ഇന്ന്. അടുത്തിടെ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എല്ലാ കളക്ഷൻ റെക്കോർഡുകളും മറികടന്ന് മുന്നേറുകയാണ്. മറുഭാഷകളിൽ റിലീസ് ചെയ്തപ്പോഴും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹിന്ദിയിൽ നിന്ന് മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കിയ ചിത്രം ഇപ്പോൾ തെലുങ്കിലും മുന്നേറുകയാണ്.
300 തിയറ്ററുകളിലാണ് തെലുങ്ക് പതിപ്പ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബുക്ക് മൈ ഷോയില്‍ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയില്‍ കാര്യമായ മുന്നേറ്റം ദൃശ്യമാവുന്നു എന്നതാണ് പുതുവത്സര ദിനത്തിലെ കാഴ്ച. തെലുങ്ക് പതിപ്പിന്‍റെ റിലീസ് ആണ് ഇതിന് പ്രധാന കാരണം. ഹൈദരാബാദ്, സെക്കന്തരാബാദ്, ഗച്ചിബൗളി, അമീര്‍പെട്ട്, കുകട്പള്ളി, നിസാംപെട്ട് എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് ആദ്യദിനം ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ ലഭിക്കുന്നുണ്ട്. ചെന്നൈയില്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുന്ന തെലുങ്ക് പതിപ്പിനും ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ ലഭിക്കുന്നു എന്നതാണ് കൗതുകകരം.
ചിത്രം കണ്ട പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായങ്ങളാണ് ആദ്യ ദിനം ലഭിക്കുന്നത്. അതിനാൽ തന്നെ തെലുങ്കിൽ ആദ്യദിനം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് മാർക്കോ സ്വന്തമാക്കിയിരിക്കുന്നത്. 1.75 കോടി ഗ്രോസ് കലക്‌ഷനാണ് തെലുങ്കിൽ ആദ്യ ദിനം ചിത്രം നേടിയിരിക്കുന്നത്. ജനുവരി ഒന്നിനാണ് ചിത്രം തെലുങ്കിൽ പ്രദർശം തുടങ്ങിയത്.
ലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തിന്‍റെ മലയാളം, ഹിന്ദി പതിപ്പുകളുടെ റിലീസ് ഡിസംബര്‍ 20 ന് ആയിരുന്നു. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കലൈ കിംഗ്സണ് ആണ് ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍.