Celebrities

മമ്മൂട്ടിയുടെ അനിയനാകേണ്ടത് ആ നടന്മാരിൽ ഒരാൾ; പക്ഷേ..; ‘അബ്രഹാമിൻ്റെ സന്തതികളി’ലേക്ക് എത്തിയതിനെ കുറിച്ച് ആൻസൺ പോൾ | anson paul about his role in mammootty film

എണ്ണിയാൽ ഒടുങ്ങാത്ത ഓർമകളാണ് ആ സെറ്റ് സമ്മാനിച്ചതെന്നും ആൻസൺ

തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ കഥാപാത്രങ്ങൾ ചെയ്ത് യുവതാര നിരയിൽ ഇടംപിടിച്ച നടൻ ആണ് ആൻസൺ പോൾ. സിനിമയോടുള്ള പ്രേമം കൊണ്ട് അഭിനയരംഗത്തേക്ക് എത്തിയ താരം സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്നവർക്ക് എന്നും ഒരു ഊർജ്ജമാണ്. കാരണം മരണത്തെ മുഖാമുഖം കണ്ട് തിരിച്ചുവന്ന ആളാണ് ആൻസൺ.

കോളേജ് പഠനകാലത്ത് ആൻസണിന് ബ്രെയിൻ ട്യൂമർ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചികിത്സകൾ വിജയിച്ചതോടെ സിനിമ മോഹവുമായി ആൻസൺ മുന്നിലേക്ക് വരികയായിരുന്നു. 36 കാരനായ താരത്തിന്റെ ആദ്യ തമിഴ് സിനിമ റെമോ ആയിരുന്നു. ശിവകാർത്തികേയൻ നായകനായ സിനിമയിൽ വില്ലൻ വേഷത്തിൽ ആയിരുന്നു ആൻസൺ എത്തിയത്. മലയാളികൾക്കും ആൻസൺ സുപരിചിതനാണ്. 2018 തിയേറ്ററിൽ എത്തിയ മമ്മൂട്ടി ചിത്രം ആയിരുന്നു അബ്രഹാമിന്റെ സന്തതികൾ. ചിത്രത്തിൽ മമ്മൂട്ടിയുടെ അനിയന്റെ വേഷം ചെയ്തത് ആൻസൺ ആയിരുന്നു. ഇപ്പോഴിതാ തനിക്കാ വേഷം കിട്ടിയതിനെ കുറിച്ച് പറയുകയാണ് ആൻസൺ.

ആസിഫ് അലിയ്ക്ക് കരുതിവെച്ചിരുന്ന വേഷമായിരുന്നു അതെന്നും മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണ തിരക്കിനാൽ ആസിഫിന് വരാൻ സാധിക്കാത്തതുകൊണ്ടാണ് ആ വേഷം തന്നിലേക്കു എത്തിയതെന്നും ആണ് ആൻസൺ പോൾ പറയുന്നത്.

‘മമ്മൂക്കക്കൊപ്പം ‘അബ്രഹാമിൻ്റെ സന്തതികൾ’ എന്ന ചിത്രം ചെയ്യുമ്പോഴാണ് മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. സോളോ എന്ന സിനിമയിലെ ജസ്റ്റിൻ എന്ന കഥാപാത്രം കണ്ട് ഹനീഫ് അദേനിയാണ് എന്നെ ഈ സിനിമയിലേക്ക് സജസ്ററ് ചെയ്യുന്നത്. ആ സിനിമയിൽ മമ്മൂട്ടിയുടെ അനിയന്റെ റോൾ ആസിഫ് അലി ആയിരുന്നു ചെയ്യാൻ ഇരുന്നത്. അദ്ദേഹം ആ സമയത്ത് ബി ടെക് എന്ന ചിത്രം ചെയ്യുകയായിരുന്നു. പിന്നെ ടൊവിനോയിലേക്ക് എത്തി അദ്ദേഹവും വേറെ പരിപാടികളിലായി തിരക്കിലായിരുന്നു. അങ്ങനെയാണ് അബ്രഹാമിൻ്റെ സന്തതികൾ എന്നിലേക്ക് എത്തുന്നത്,’ ആന്‍സൺ പോൾ പറഞ്ഞു. മമ്മൂട്ടിക്കൊപ്പം ഒരു മാസത്തോളം ചിത്രത്തിൽ ഉണ്ടായിരുന്നെന്നും എണ്ണിയാൽ ഒടുങ്ങാത്ത ഓർമകളാണ് ആ സെറ്റ് സമ്മാനിച്ചതെന്നും ആൻസൺ കൂട്ടിച്ചേർത്തു.

മോഡലിംഗ് രംഗത്തു സജീവമായ ആന്‍സണ്‍ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. 2013മുതലാണ് സിനിമാരംഗത്ത് സജീവമായത്. ബൈജു ജോണ്‍സണ്‍ സംവിധാനം നിര്‍വഹിച്ച കെ.ഖ്യു എന്ന ചിത്രത്തില്‍ സഹ സംവിധായകനായാണ് സിനിമാ ജീവിതത്തിലേക്ക് എത്തുന്നത്. തിയേറ്ററിൽ പ്രദർശനം തുടരുന്ന മാർക്കോയിലും ആൻസൺ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

CONTENT HIGHLIGHT: anson paul about his role in mammootty film