Celebrities

‘മോഹൻലാലിന്റെ പഴയ പാട്ടുകളും ഡയലോഗുകളും റീക്രിയേറ്റ് ചെയ്തത് ആ സിനിമ പരാജയപ്പെടാൻ കാരണമായി’; മോഹൻലാൽ ചിത്രം പൊട്ടിയതിന്റെ കാരണം പറഞ്ഞ് സാന്ദ്ര തോമസ് | sandra thomas about mohanlal film

ചിത്രത്തില്‍ മോഹന്‍ലാലിനെ അതുവരെ കാണാത്ത തരത്തില്‍ കോമഡി കഥാപാത്രമായി അവതരിപ്പിച്ചതാണ് പരാജയത്തിന്റെ ആദ്യകാരണമെന്ന് സാന്ദ്രാ തോമസ്

ചുരുക്കം വനിതാ പ്രൊഡ്യൂസർമാരെ മലയാള സിനിമ രംഗത്തുള്ളൂ. ഈ വരിയിൽ ശക്തമായി തന്റെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കുന്ന ആളാണ് സാന്ദ്ര തോമസ്. അതിന്റെ പേരിൽ സാന്ദ്രയ്ക്ക് എതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പോലും തിരിയുന്ന കാഴ്ചയും സിനിമ ലോകം കണ്ടിരുന്നു. സിനിമ നിർമാണ രംഗത്ത് മാത്രമല്ല അഭിനയ രംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ച ആളാണ് സാന്ദ്ര തോമസ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ആറോളം സിനിമകളും പിന്നീട് തന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസിൽ മൂന്ന് സിനിമകളുമാണ് സാന്ദ്ര നിർമിച്ചത്.

മോഹൻലാലിനെ നായകനാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ചത് 2014 പുറത്തിറങ്ങിയ ചിത്രമായിരുന്നു പെരുച്ചാഴി. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത് ഓണം റിലീസായെത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുകയാണ് നിര്‍മാതാവ് സാന്ദ്രാ തോമസ്. ചിത്രത്തില്‍ മോഹന്‍ലാലിനെ അതുവരെ കാണാത്ത തരത്തില്‍ കോമഡി കഥാപാത്രമായി അവതരിപ്പിച്ചതാണ് പരാജയത്തിന്റെ ആദ്യകാരണമെന്ന് സാന്ദ്രാ തോമസ് പറഞ്ഞു.

ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളയാളായിരുന്നെന്നും അയാള്‍ക്ക് കേരളത്തിലെ പ്രേക്ഷകരെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ പോയതും പരാജയത്തിന്റെ മറ്റൊരു കാരണായെന്ന് സാന്ദ്ര കൂട്ടിച്ചേര്‍ത്തു. തമിഴ് സിനിമയുടെ സ്റ്റൈലിലാണ് അരുണ്‍ പെരുച്ചാഴി ചെയ്തതെന്നും അത് പ്രേക്ഷകര്‍ക്ക് കണക്ടാകാതെ പോയെന്നും സാന്ദ്ര പറഞ്ഞു.

മോഹന്‍ലാലിന്റെ പഴയ പാട്ടുകളും ഡയലോഗുകളും റീക്രിയേറ്റ് ചെയ്തതും സിനിമക്ക് തിരിച്ചടിയായെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലൊക്കേഷനില്‍ അതെല്ലാം കണ്ടപ്പോള്‍ എല്ലാവര്‍ക്കും വര്‍ക്കായെന്നും തിയേറ്ററില്‍ അത് എങ്ങനെയോ നെഗറ്റീവായി മാറിയെന്നും സാന്ദ്ര തോമസ് പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര തോമസ് ഇക്കാര്യം പറഞ്ഞത്.

‘പെരുച്ചാഴി വലിയ നഷ്ടമൊന്നും ആയില്ല. മുടക്കിയ പൈസ തിരിച്ചുകിട്ടിയിരുന്നു. വലിയ ഹിറ്റാകുമെന്നായിരുന്നു കരുതിയത്. പരാജയമാകാന്‍ ഒരുപാട് കാരണങ്ങളുണ്ട്. അതില്‍ ഒന്നുരണ്ടെണ്ണം പറയാം. ആദ്യത്തേത്, നമ്മളാരും ലാലേട്ടനെ അങ്ങനെയൊരു ക്യാരക്ടറില്‍ കണ്ടിട്ടില്ല. പുള്ളിയെ ഒന്നുകില്‍ ആക്ഷന്‍ റോള്‍, അല്ലെങ്കില്‍ സീരിയസ് റോളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. അപ്പോള്‍ അത്രക്ക് ഫണ്ണിയായി പുള്ളി വന്നപ്പോള്‍ ആര്‍ക്കും കണക്ടായില്ല.

അത് മാത്രമല്ല, ആ പടത്തിന്റെ ഡയറക്ടര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ആളായിരുന്നു. പുള്ളി ഒരു തമിഴ് സ്റ്റൈലിലാണ് പെരുച്ചാഴി എടുത്തത്. അതും നമ്മുടെ ഓഡിയന്‍സിന് അക്‌സപ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. മറ്റൊരു കാരണം, ആ സിനിമയില്‍ ലാലേട്ടന്റെ പഴയ പാട്ടുകളും ഡയലോഗുകളും റീക്രിയേറ്റ് ചെയ്തതാണ്.

ആളുകള്‍ക്കെല്ലാം ഇഷ്ടമാകും എന്ന് കരുതിയാണ് അതൊക്കെ സിനിമയില്‍ ഉള്‍പ്പെടുത്തിയത്. ലൊക്കേഷനില്‍ ആ സീനൊക്കെ പുള്ളി ചെയ്തത് കണ്ടപ്പോള്‍ എല്ലാവര്‍ക്കും കൗതുകമായി. പക്ഷേ, തിയേറ്ററില്‍ അതൊന്നും ആര്‍ക്കും വര്‍ക്കായില്ല,’ സാന്ദ്രാ തോമസ് പറഞ്ഞു.

CONTENT HIGHLIGHT: sandra thomas about mohanlal film