Beauty Tips

നഖം പൊട്ടിപ്പോകുന്നത് ചില സൂചനകളാണ്; കാരണമറിഞ്ഞ് പരിഹരിക്കാം | herbal solutions for stronger and healthier

നഖത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ഒലിവ് ഓയില്‍

സൗന്ദര്യ സംരക്ഷണത്തിൽ പ്രധാനമാണ് നഖങ്ങളുടെ സംരക്ഷണം. എന്നാൽ പലപ്പോഴും ആളുകൾക്ക് ഇത് കാര്യമായി നോക്കാൻ കഴിയാറില്ല. ആഗ്രഹിക്കുന്നത് പോലെ നീണ്ട ബലമുള്ള നഖങ്ങൾ സ്വന്തമാക്കാൻ കഴിയാത്തതിനാൽ നെയിൽ എക്സ്റ്റൻഷൻ ആർട്ടിനെ ആശ്രയിക്കുന്നവരാണ് പലരും. പലനിറത്തിലുള്ള നെയിൽ പോളിഷ് ഇട്ട മനോഹരമായ നഖങ്ങൾ കൈകളുടെ ഭംഗി കൂട്ടുകയാണ് ചെയ്യുന്നത്. എന്നാൽ നഖം പൊട്ടിപ്പോകുന്നതാണ് എപ്പോഴും എല്ലാവരെയും ബുദ്ധിമുട്ടിലാക്കുന്നത്. നഖം പൊട്ടിപ്പോകുന്നതിന് കാരണങ്ങൾ പലതാണ്.

പോഷകാഹാരക്കുറവ്, രോഗങ്ങളുടെ സൂചനകള്‍, പാരിസ്ഥിതികമായുണ്ടാവുന്ന ഘടകങ്ങള്‍, അല്ലെങ്കില്‍ ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങളുടെ ഗുണനിലവാരമില്ലായ്മ എല്ലാം അല്‍പം ശ്രദ്ധിക്കണം. നഖങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ നമുക്ക് ചുറ്റും തന്നെയുണ്ട്. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

ഒലിവ് ഓയില്‍

നഖത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ഒലിവ് ഓയില്‍. ഇതിന്റെ പോഷക ഗുണങ്ങള്‍ വളരെയധികം പേര് കേട്ടതാണ്. അതിനായി അല്‍പം ഒലീവ് ഓയില്‍ ചൂടാക്കി അതില്‍ ഇളം ചൂടുള്ളത് വരെ പതിനഞ്ച് മിനിറ്റോളം നഖം മുക്കി വെക്കുക. ഈ ചികിത്സ നഖങ്ങള്‍ മോയ്‌സ്ചറൈസ് ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു, ഇത് പൊട്ടാനുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല നല്ല തിളക്കവും ആരോഗ്യവും നഖങ്ങള്‍ക്ക് നല്‍കുന്നു.

നാരങ്ങ നീരും ബേക്കിംഗ് സോഡയും

ബേക്കിംഗ് സോഡയുമായി ചേര്‍ന്ന നാരങ്ങ നീര് നഖങ്ങള്‍ പൊട്ടുന്നതിന് അത്യുത്തമ പ്രതിവിധിയാണ്. നാരങ്ങാനീരും ബേക്കിംഗ് സോഡയും തുല്യ ഭാഗങ്ങളില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കണം. അതിന് ശേഷം ഈ മിശ്രിതം നിങ്ങളുടെ നഖങ്ങളില്‍ പുരട്ടി 10 മിനിറ്റ് നേരം വയ്ക്കുക. ഇത് നഖങ്ങള്‍ വെളുപ്പിക്കാനും ബലപ്പെടുത്താനും സഹായിക്കുന്നു. മാത്രമല്ല നല്ല തിളക്കവും നഖങ്ങള്‍ക്ക് ലഭിക്കുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്.

വെളിച്ചെണ്ണ മസാജ്

നഖങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് വെളിച്ചെണ്ണയും വളരെയധികം ഉപകാരപ്രദമാണ്. നഖങ്ങള്‍ പൊട്ടുന്നതിനുള്ള പരിഹാരം മാത്രമല്ല നഖത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ് വെളിച്ചെണ്ണ മസ്സാജ്. ഇത് സ്ഥിരമായി ചെയ്യുന്നവരെങ്കില്‍ നഖത്തിന്റെ ആരോഗ്യ കാര്യത്തില്‍ മറ്റൊന്നും വേണ്ട എന്ന് തന്നെ ഉറപ്പിക്കാം. അതിനായി കുറച്ച് വെളിച്ചെണ്ണ ചൂടാക്കി ദിവസവും നഖങ്ങളിലും ക്യൂട്ടിക്കിളുകളിലും മസാജ് ചെയ്യുക. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകള്‍ കാലക്രമേണ നഖങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന അവശ്യ പോഷകങ്ങള്‍ നല്‍കുന്നു.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇതില്‍ അയേണ്‍, കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതാകട്ടെ നഖങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഒരു പാത്രത്തില്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും വെള്ളവും തുല്യ ഭാഗങ്ങളില്‍ കലര്‍ത്തുക. നിങ്ങളുടെ നഖങ്ങള്‍ ഈ ലായനിയില്‍ ദിവസവും 10 മിനിറ്റ് മുക്കിവയ്ക്കുക. ഇത് നിങ്ങളുടെ നഖത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും.

ബയോട്ടിന്‍ സപ്ലിമെന്റുകള്‍

ആരോഗ്യമുള്ള മുടിയും നഖവും നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ബി-വിറ്റാമിനാണ് ബയോട്ടിന്‍. ബയോട്ടിന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് കാലക്രമേണ നിങ്ങളുടെ നഖങ്ങളുടെ ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുകയും അതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കും. എന്നാല്‍ ഏതെങ്കിലും സപ്ലിമെന്റ് കഴിക്കാന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഒരു ഡോക്ടറെ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം ചെയ്യേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കാര്യമാണ്.

CONTENT HIGHLIGHT: herbal solutions for stronger and healthier