പ്രായമാവുന്നത് സ്വാഭാവികമാണ്. പ്രായമാകുന്നതിനനുസരിച്ച് ചർമ്മത്തിന്റെ ഘടനയില്‍ മാറ്റംവരാം. ഇത് ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്താം. അതുകൊണ്ട് തന്നെ മുപ്പത് കഴിഞ്ഞാല്‍ ചര്‍മ്മത്തിന്റെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ കൊടുക്കുക തന്നെ വേണം.
ചര്‍മ്മ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കൃത്യമായ ഉറക്കം
കൃത്യമായ ഉറക്കം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തുടർച്ചയായ ഉറക്കക്കുറവ് ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിവയ്ക്കും. അതിനാല്‍ ദിവസവും ഏഴ്- എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കണം.
മുഖം കഴുകുന്നത് നല്ലതാണ്
ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് നല്ലതാണ്. ചർമ്മത്തിൽ അടിഞ്ഞുകൂടിയ എണ്ണമയം നീക്കം ചെയ്യാൻ ഇത് സഹായിക്കും.
മേക്കപ്പ്
ചര്‍മ്മത്തിന് അനുയോജ്യമായ നല്ല മേക്കപ്പ് ഉൽപന്നങ്ങൾ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഗുണനിലവാരമില്ലാത്തവ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കാം.
വെള്ളം
ശരീരത്തിന് വളരെ അത്യാവശ്യമായ കാര്യമാണ് വെള്ളം. ആരോഗ്യത്തിനും ചര്‍മ്മത്തിനും ഇത് ഗുണം ചെയ്യും. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും.
പച്ചക്കറികളും പഴങ്ങളും
ധാരാളം പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
എണ്ണ
എണ്ണയടങ്ങിയ ആഹാരത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാം. കൂടാതെ പഞ്ചസാരയുടെ ഉപയോഗവും പരിമിതപ്പെടുത്തുന്നതാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലത്.
content highlight: tips-for-skin-care-after-30