കരിയറില്‍ പെട്ടെന്നുണ്ടായ വിജയം തന്നെ അഹങ്കാരിയാക്കിയെന്ന് വിന്‍സി അലോഷ്യസ്. നസ്രാണി യുവശക്തി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. കോളേജില്‍ പഠിക്കുന്ന സമയത്ത് ആരും പിന്തുണയ്ക്കാന്‍ ഇല്ലാതിരുന്ന നിമിഷം ഉണ്ടായിട്ടുണ്ട്. എല്ലാ ടീച്ചേഴ്‌സിന്റേയും മുന്നില്‍ വച്ചും അമ്മ കരഞ്ഞിട്ടുണ്ട്. അപ്പോള്‍ തീരുമാനിച്ചതാണ് ജീവിതത്തില്‍ മുന്നേറണം എന്ന്. ഒരു സപ്പോര്‍ട്ടും കൂടെയില്ലെങ്കിലും ദൈവം കൂടെ കാണുമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് പ്രാര്‍ത്ഥനയിലേക്ക് കടക്കുന്നതെന്നാണ് വിന്‍സി പറയുന്നത്.
സിനിമകള്‍ ഓരോന്നായി വന്നു തുടങ്ങി. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളില്‍ നല്ല ക്യാരക്ടര്‍ റോളുകള്‍ ചെയ്തു. പിന്നീട് രേഖയിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. ആ വളര്‍ച്ചയില്‍ രണ്ട് കാര്യങ്ങളുണ്ടായി. ആദ്യം അനുഗ്രഹിക്കപ്പെട്ടവളാണെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. സക്‌സസ് കൂടി വന്നതോടെ അനുഗ്രഹം എന്നത് മാറി അഹങ്കാരം ആയി മാറി. എന്റെ കഴിവാണ് അവസരം കിട്ടാനുള്ള കാരണമെന്ന അഹങ്കാരമായിരുന്നു എനിക്ക് എന്നാണ് വിന്‍സി പറയുന്നത്.
അവാര്‍ഡ് കിട്ടിയ ശേഷം ഇറങ്ങിയ എന്റെ സിനിമകള്‍ പരാജയമായിരുന്നു. ജീവിതത്തില്‍ ഒന്നും സംഭവിച്ചില്ല. അപ്പോഴും കഴിവിന് അവസരം വരുമെന്ന അഹങ്കാരമായിരുന്നു. എന്റെ മാതാപിതാക്കള്‍ക്ക് പോലും അറിയാത്തൊരു രഹസ്യം പറയാം. അഹങ്കാരം കേറി നില്‍ക്കുന്ന സമയത്ത് എനിക്കൊരു സിനിമ വന്നു. പക്ഷെ ഞാന്‍ ഒഴിവാക്കി വിട്ടു. ആ സിനിമ ഇന്ന് കാന്‍സില്‍ എത്തി നില്‍ക്കുകയാണ്. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ആയിരുന്നു ആ സിനിമ. എന്റെ അഹങ്കാരം കാരണം ഞാന്‍ ഒഴിവാക്കിയ സിനിമയാണതെന്നും വിന്‍സി പറയുന്നു.
കര്‍മ ഈസ് എ ബൂമറാംഗ് എന്ന് പറയുന്ന അവസ്ഥയാണ് എന്റേത്. ഉയരത്തിലായിരുന്ന ഞാന്‍ ഇപ്പോള്‍ താഴെ വന്ന് നില്‍ക്കുകയാണെന്നും താരം പറയുന്നു. ആഗ്രഹങ്ങള്‍ നേടണമെങ്കില്‍ ഉള്ളില്‍ വിശ്വാസം വേണം, നന്മ ചെയ്യണം. അതൊക്കെ ചെയ്തിരുന്ന സമയത്ത് ഞാന്‍ എത്തേണ്ടിടത്ത് എത്തിയിരുന്നു. അതില്ലാത്ത സമയത്ത് ഞാന്‍ എവിടേയും എത്തിയിട്ടില്ല. ചെയ്യുന്നതിനുള്ളത് തിരിച്ചു കിട്ടും. രണ്ട് വര്‍ഷം സിനിമ ചെയ്യാതിരുന്ന ഞാന്‍ ഇപ്പോള്‍ ഒരു സിനിമ ചെയ്തുവെന്നും താരം പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും മലയാള സിനിമയിലെ വിവേചനത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
നമ്മള്‍ സിനിമയില്‍ കാണുന്ന താരങ്ങള്‍ പലരും ഇന്‍സ്പിരേഷനായി കൊണ്ടു നടക്കാന്‍ പറ്റുന്നവരാകില്ല. നിങ്ങള്‍ക്ക് ആരുടേയും വ്യക്തി ജീവിതം അറിയില്ല. സ്‌ക്രീനില്‍ കണ്ട പരിചയമേ കാണുള്ളൂ. അവരുടെ ചിന്ത എന്താണെന്ന് അറിയില്ല. അങ്ങനെ കുറേ മുഖം മൂടികള്‍ ഹേമ കമ്മിറ്റി മൂലവും തുറന്നു പറച്ചിലുകളിലൂടേയും പുറത്ത് വന്നിരിക്കുകയാണെന്നാണ് താരം പറയുന്നത്. സിനിമാ മേഖല നവീകരിക്കുക എളുപ്പമല്ല. വിജയം ഭൂരിപക്ഷത്തിന്റേതായിരിക്കും. ഒറ്റയ്ക്ക് ശബ്ദമുയര്‍ത്തുന്നവരെ മാറ്റി നിര്‍ത്തും. ഒറ്റയ്ക്ക് നിന്നാല്‍ സര്‍വൈസ് ചെയ്യാന്‍ സാധിക്കില്ലെന്നും വിന്‍സി പറയുന്നു.
content highlight: vincy-aloshious-says-after-state-award-she-became-arrogant