Entertainment

‘വിഡാമുയര്‍ച്ചി’ റിലീസ് മാറ്റിയതിന്റെ യഥാർഥ കാരണം ഇത് ? റീമേക്ക് തര്‍ക്കത്തില്‍ നല്ലൊരു റിലീസ് ഡേറ്റ് നഷ്ടമായി

അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. ചിത്രം എന്ന് തിയേറ്ററിൽ എത്തുമെന്ന കാത്തിരിപ്പിലാണ് അജിത്ത് ആരാധകർ. എന്നാൽ ചിത്രം അനിശ്ചിതമായി നീണ്ടു പോവുകയാണ്. പൊങ്കല്‍ റിലീസ് എന്ന രീതിയിലാണ് ഡിസംബര്‍ ആദ്യം ചിത്രത്തിന്‍റെ ആദ്യത്തെ പ്രമോ അടക്കം എത്തിയത്. എന്നാല്‍ ജനുവരി ആദ്യം ചിത്രത്തിന്‍റെ റിലീസ് മാറ്റിയതായി നിര്‍മ്മാതാക്കള്‍ അറിയിക്കുകയായിരുന്നു.

അനിവാര്യമായ ചില കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്‍ക്കുകയാണെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കിയത്. ഇത് ആരാധകരെ കടുത്ത നിരാശരാക്കിയിരിക്കുകയാണ്. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. അജിത്ത് കുമാറിന്‍റെ ഒരു ചലച്ചിത്രം തീയറ്ററില്‍ എത്തിയിട്ട് ഈ ജനുവരി 11 വന്നാല്‍ രണ്ട് വർഷമായി. സിനിമാ ചിത്രീകരണത്തിനിടെ വിഡാമുയര്‍ച്ചിയുടെ ഒകലാസംവിധായകൻ മിലൻ ഹൃദയാഘാതത്താല്‍ മരിച്ചിരുന്നു. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇതെല്ലാം ചിത്രം നീണ്ടുപോകാൻ കാരണമായി. ഇപ്പോൾ ഇതിന്റെ യദാർഥ കാരണം തേടുകയാണ് പ്രേക്ഷകർ.

നേരത്തെ ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങിയ സമയത്താണ് ബ്രേക്ക്‍ഡൗണ്‍ എന്ന ഹിറ്റ് ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാകും വിഡാമുയര്‍ച്ചി എന്ന വാര്‍ത്തകള്‍ വന്നത്. 1997ല്‍ പ്രദര്‍ശനത്തിനെത്തിയതാണ് ബ്രേക്ക്‍ഡൗണ്‍. എന്നാല്‍ റീമേക്കാണോയെന്നതില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. പക്ഷെ പിന്നീടാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ പാരമൗണ്ട് പിക്ചേര്‍സ് റീമേക്ക് അവകാശത്തിന്‍റെ പ്രതിഫലമായി വിഡാമുയര്‍ച്ചി നിര്‍മ്മാതാക്കളില്‍ നിന്നും വന്‍ തുക ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ 125 കോടിയാണ് കേട്ടതെങ്കിലും. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് 80 കോടിയെങ്കിലും വേണം എന്നാണ് പാരമൗണ്ട് ആവശ്യപ്പെട്ടത് എന്നാണ് വിവരം.

ഇതോടെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ വലിയ പ്രതിസന്ധിയില്‍ ആയിരിക്കുകയാണത്രെ. നീണ്ട ഷെഡ്യൂളുകളും മറ്റുമായി വലിയതുക ഇതിനകം നിര്‍മ്മാതാക്കളായ ലൈക്ക മുടക്കിയ ചിത്രമാണ് വിഡാമുയര്‍ച്ചി. അതിനാല്‍ തന്നെ ഇപ്പോഴത്തെ പ്രശ്നത്തില്‍ ചര്‍ച്ച നടക്കുന്നതിനാലാണ് പ്രഖ്യാപിച്ച റിലീസ് അവര്‍ മാറ്റിയത് എന്നാണ് വിവരം. റിലീസ് ചെയ്ത ശേഷം നിയമപരമായി മുന്നോട്ട് നീങ്ങാം എന്ന് മുന്‍പ് തീരുമാനിച്ചെങ്കിലും അത് വലിയ അപകടമാണ് എന്ന നിയമപരമായ മുന്നറിയിപ്പും ലൈക്കയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇപ്പോള്‍ പാരമൗണ്ടുമായി നിര്‍മ്മാണ പങ്കാളിത്ത കരാറിനാണ് ലൈക്ക ശ്രമിക്കുന്നത്. എന്തായാലും റീമേക്ക് തര്‍ക്കത്തില്‍ നല്ലൊരു റിലീസ് ഡേറ്റ് വിഡാമുയര്‍ച്ചിക്ക് നഷ്ടമായി എന്നാണ് കോളിവുഡിലെ സംസാരം. ചിലപ്പോള്‍ ഈ കുരുക്ക് പറഞ്ഞ പൈസ കൊടുത്തില്ലെങ്കില്‍ അനിശ്ചിതമായി നീണ്ടേക്കും എന്നാണ് വിവരം.