Celebrities

85ൽ നിന്ന് 73 കിലോയായി; പരിക്ക് പറ്റിയിട്ടും പതറാതെ വർക്കൗട്ട്; കിടിലൻ ലുക്കിൽ ലുക്ക്മാന്റെ മേക്കോവർ | makeover of lukman

ഭക്ഷണപ്രിയനായ ലുക്മാൻ അതെല്ലാം ഉപേക്ഷിച്ചാണ് ഈ മേക്കോവറിലേക്ക് എത്തിയത്

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്. അതിന് പലതുണ്ട് കാര്യം. പോസ്റ്റർ ജിമ്മന്മാർ ആണ്. നസ്‌ലെന്‍, ലുക്മാന്‍, ഗണപതി തുടങ്ങിയവരെയെല്ലാം സിക്‌സ് പാക്കുമായി പുതിയ മേക്കോവറിലാണ് പോസ്റ്ററിൽ. ഇപ്പോഴിതാ സിനിമയ്ക്കായി ലുക്മാൻ നടത്തിയ മേക്കോവറിനെക്കുറിച്ചുള്ള ട്രെയിനറുടെ കുറിപ്പും ശ്രദ്ധ നേടുകയാണ്.

2024 ജനുവരി മുതൽ ആലപ്പുഴ ജിംഖാനയ്ക്കായി ലുക്മാൻ വർക്കൗട്ട് ആരംഭിച്ചതായി കുറിപ്പിൽ പറയുന്നു. കൃത്യം ഒരു വർഷം കൊണ്ട് മസിലുകളൊന്നും നഷ്ടപ്പെടാതെ 85 കിലോയിൽ നിന്ന് 73 കിലോയായി കുറഞ്ഞു. ഭക്ഷണപ്രിയനായ ലുക്മാൻ അതെല്ലാം ഉപേക്ഷിച്ചാണ് ഈ മേക്കോവറിലേക്ക് എത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടയിൽ അദ്ദേഹത്തിന് പരിക്ക് പറ്റിയിരുന്നു. എന്നാൽ ഈ സമയത്തും വർക്കൗട്ടിന് ഇടവേള നൽകിയില്ലെന്നും ട്രെയിനർ പറയുന്നു.

പുതുവർഷത്തോട് അനുബന്ധിച്ചായിരുന്നു ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ബോക്‌സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ്. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്.

സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, അനഘ രവി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. തല്ലുമാലയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഖാലിദ് റഹ്‌മാന്‍ തന്നെയാണ് തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കായി വരികള്‍ എഴുതുന്നത്.

CONTENT HIGHLIGHT: makeover of lukman for alappuzha gymkhana movie