Movie News

12 വർഷമായി പെട്ടിയ്ക്കകത്ത്; ഒടുവിൽ വിശാൽ ചിത്രം തിയേറ്ററുകളിലേക്ക് | vishal movie madha gaja raj

2013 പൊങ്കൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മദ​ഗജരാജ

തമിഴ് സിനിമ ലോകത്തെ പ്രശസ്തനായ താരമാണ് വിശാൽ. നിരവധി ചിത്രങ്ങളിൽ അതി ഗംഭീരമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. താരത്തിന്റെ ഒരു ചിത്രം ഇത് തിയേറ്ററുകളിൽ എത്താൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഈ ചിത്രത്തിന് കുറച്ച് പ്രത്യേകതയുണ്ട്. കാരണം, 2013 ൽ തിയറ്ററുകളിൽ എത്തേണ്ട ചിത്രമാണ് ഒരു വ്യാഴവട്ടത്തിന് ശേഷം റിലീസിന് ഒരുങ്ങുന്നത്. സുന്ദർ സി സംവിധാനം ചെയ്ത മദഗജരാജ എന്ന ചിത്രം ഈ മാസം 12ന് തിയേറ്ററിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സന്താനമാണ് ഇക്കാര്യം അറിയിച്ചത്.

2013 പൊങ്കൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മദ​ഗജരാജ. സിനിമയുടേതായി ഒരു ട്രെയ്ലറും ഗാനവും പുറത്തുവിട്ടിരുന്നു. സാമ്പത്തികമായ പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. ഇപ്പോൾ ഒരു വ്യാഴവട്ടത്തിനുശേഷം പൊങ്കൽ റിലീസായാണ് ചിത്രമെത്തുന്നതും.

അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ. സോനു സൂദാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിവണ്ണൻ, സുബ്ബരാജു, നിതിൻ സത്യ, ജോൺ കൊക്കൻ, രാജേന്ദ്രൻ, മനോബാല തുടങ്ങി നിരവധി അഭിനേതാക്കളും മദഗജരാജയിൽ ഭാഗമാണ്. കൂടാതെ, ആര്യയും സദയും ചിത്രത്തിൽ കാമിയോ വേഷങ്ങളിലെത്തുന്നുണ്ട്. വിജയ് ആന്റണിയാണ് സം​ഗീത സംവിധാനം. ചിത്രത്തിനായി വിശാൽ ഒരു ​ഗാനം ആലപിച്ചിട്ടുണ്ട്. വിശാൽ ഫിലിം ഫാക്ടറിയും ജെമിനി ഫിലിം സർക്യൂട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ഈ വർഷം പുറത്തിറങ്ങുന്ന ആദ്യ വിശാൽ ചിത്രം കൂടിയാകും മദ​ഗജരാജ. നിലവിൽ രത്നം എന്ന സിനിമയാണ് നടന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ഹരി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ, സമുദ്രക്കനി, ഗൗതം വാസുദേവ് ​​മേനോൻ, യോഗി ബാബു, മുരളി ശർമ്മ, ഹരീഷ് പേരടി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

CONTENT HIGHLIGHT: vishal movie madha gaja raja release date announced