Entertainment

പുനെ അന്താരാഷ്ട്ര ചലച്ചിത്രമേള അടുത്ത മാസം ; 150-ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും

23-ാമത് പുനെ അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 13 മുതൽ 20 വരെ നടക്കും. പുനെ ഫിലിം ഫൗണ്ടേഷനും മഹാരാഷ്ട്ര സർക്കാരിൻ്റെ സാംസ്കാരികവകുപ്പും സംയുക്തമായി ദാദാസാഹേബ് ഫാൽക്കെ ചിത്രനഗരി മുംബൈയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഈമേളയിൽ 81 രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം സിനിമകൾ പ്രദർശിപ്പിക്കും. നടനും ചലച്ചിത്രനിർമാതാവുമായ രാജ് കപൂറിന്റെ നൂറാം ജന്മദിനമാണ് ഈ വർഷത്തെ ചലച്ചിത്രമേളയുടെ പ്രമേയം.

മേളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ജനുവരി 15-ന് ബുധനാഴ്‌ച ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലെ ഓൺ-ദി-സ്പോട്ട് രജിസ്ട്രേഷനും ആരംഭിക്കും. ഫെസ്റ്റിവലിന്റെ രജിസ്ട്രേഷൻ ഫീസ് 800 രൂപയാണ്.
പുണെ സേനാപതി ബാപ്പട്ട് റോഡിലെ പവലിയൻ മാളിലെ പി.വി.ആർ. ഐക്കൺ, ഔന്ദ് വെസ്റ്റെൻഡ് മാളിലെ സിനിപോളിസ്, പുണെ ക്യാമ്പിലെ ഐനോക്‌സ് എന്നീ മൂന്ന് തിയേറ്ററുകളിലെ 11 സ്ക്രീനുകളിലായാണ് ചലച്ചിത്രമേള നടക്കുക.

പ്രമുഖരടങ്ങുന്ന ഒരു അന്താരാഷ്ട്ര ജൂറി തിരഞ്ഞെടുക്കുന്ന മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിന് മേളയുടെ സമാപനച്ചടങ്ങിൽ 10 ലക്ഷംരൂപ സമ്മാനമായുള്ള ‘മഹാരാഷ്ട്ര സർക്കാർ സന്ത് തുക്കാറാം ബെസ്‌റ് ഇൻ്റർനാഷണൽ ഫിലിം അവാർഡ്’ നൽകും. 107 രാജ്യങ്ങളിൽനിന്നുള്ള 1,059 സിനിമകളിൽനിന്ന് തിരഞ്ഞെടുത്ത 150- ലധികം സിനിമകളാണ് ഇത്തവണ പുണെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ജബ്ബാർ പട്ടേൽ പറഞ്ഞു.

ഇത്തവണത്തെ ചലച്ചിത്രമേളയിൽ സ്ത്രീ കേന്ദ്രീകൃത സിനിമകളിലാണ് കൂടുതൽ ഉണ്ടാവുകയെന്ന് ഫിലിം സെലക്ഷൻ കമ്മിറ്റി ചെയർമാൻ സമർ നഖാതെ പറഞ്ഞു. ഈ സിനിമകൾ പ്രധാനമായും സ്ത്രീകൾ തമ്മിലുള്ള ബന്ധത്തെ കുറിച്ചും അവരെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകളെപറ്റിയും ചർച്ച ചെയ്യുന്നവയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.