Beauty Tips

കാല്‍പാദം വരണ്ട് പോകുന്നുവോ ? മരുന്നിനെ മാറ്റി നിർത്തൂ, പകരം ഇവ ട്രൈ ചെയ്യാം | natural remedies and foot care

കാല്‍പാദങ്ങളില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്

സൗന്ദര്യ സംരക്ഷണത്തിനായി എന്തും ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ പലപ്പോഴും അതിൽ ശരീരത്തിലെ ചില ഭാഗങ്ങൾ നമ്മൾ ഒഴിവാക്കാറുണ്ട്, അല്ലെങ്കിൽ പ്രാധാന്യം കൊടുക്കാതിരിക്കാറുണ്ട്.. പലരും വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത ഒന്നാണ് കാൽപാദം. ഒരു വ്യക്തിയുടെ കാൽപാദം നോക്കിയാൽ ആ വ്യക്തിക്ക് എത്രത്തോളം വൃത്തി ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും എന്നാണ് പറയാറുള്ളത്. കാൽപാദം വരണ്ടതും മൊരി പിടിച്ചിരിക്കുന്നതും ആണെങ്കിൽ കാലുകളുടെ ഭംഗി ഇല്ലാതാകും. കൂടാതെ ഒട്ടും വൃത്തിയും തോന്നില്ല. ഈ പ്രശ്നങ്ങൾ അകറ്റുന്നതിനും സുന്ദരമായ കാൽപാദം സ്വന്തമാക്കുന്നതിനും സഹായിക്കുന്ന ചില മാർഗങ്ങൾ നോക്കാം.

സ്‌ക്രബ് ചെയ്യുക

മുഖം സ്‌ക്രബ് ചെയ്ത് ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതുപോലെ, കാല്‍പാദങ്ങളില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. കാരണം, മൃതകോശങ്ങള്‍ അടിയുന്നത്, ചര്‍മ്മത്തില്‍ തഴമ്പ് പ്രത്യക്ഷപ്പെടുന്നതിന് കാരണമാകുന്നു. കൂടാതെ വരവിള്ളല്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനും കാരണമാകുന്നു.അതിനാല്‍ സ്‌ക്രബ് ഉപയോഗിക്കുന്നത് നല്ലതാണ്.

ഇതിനായി പഞ്ചസ്സാര, ഉപ്പ് എന്നിവ ഉപയോഗിക്കാവുന്നതാണ്. കുറച്ച് വെളിച്ചെണ്ണയില്‍ കുറച്ച് പഞ്ചസ്സാര, അല്ലെങ്കില്‍ ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ സാവധാനത്തില്‍ സ്‌ക്രബ് ചെയ്യുക. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. ഇത് കാല്‍പാദങ്ങളിലെ വരള്‍ച്ച തടയാനും, തഴമ്പ് ഇല്ലാതാക്കാനും, വരവിള്ളല്‍ കുറയ്ക്കാനും സഹായിക്കുന്നതാണ്.

മോയ്‌സ്ച്വറൈസിംഗ്

കാല്‍പാദങ്ങള്‍ രണ്ട് നേരമെങ്കിലും മോയ്‌സ്ച്വറൈസ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഷിയ ബട്ടര്‍, അല്ലെങ്കില്‍ വെളിച്ചെണ്ണ, പെട്രോളിയം ജെല്ലി എന്നിവ ഉപയോഗിച്ച് കാല്‍പാദങ്ങള്‍ മോയ്‌സ്ച്വറൈസ് ചെയ്‌തെടുക്കാവുന്നതാണ്. ഇത്തരത്തില്‍ പതിവായി മോയ്‌സ്ച്വറൈസ് ചെയ്യുന്നത്, കാല്‍പാദങ്ങളില്‍ നിന്നും മൃതകോശങ്ങള്‍ ഇല്ലാതാകാന്‍ സഹായിക്കും. കാലുകള്‍ വരണ്ട് പോകാതിരിക്കാനും, വിള്ളലുകള്‍ ഇല്ലാതിരിക്കാനും സഹായിക്കുന്നതാണ്.

പതിവാക്കേണ്ട ചില കാര്യങ്ങള്‍

കാല്‍പാദങ്ങള്‍ എല്ലാ ദിവസവും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. അതുപോലെ, കാല്‍ നനച്ചാല്‍, കാലിലെ വെള്ളം വറ്റുന്നതുവരെ തൂവാലകൊണ്ട് വെള്ളം ഒപ്പിയെടുക്കുക. കാല്‍ നഖങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കുക. കാലില്‍ അഴുക്ക് കട്ടപിടിച്ചിരിക്കാതെ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, കാല്‍നഖങ്ങളിലെ അഴുക്ക് വൃത്തിയാക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. വായുസഞ്ചാരമുള്ള പാദരക്ഷകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. രാത്രി കിടക്കുന്നതിന് മുന്‍പ് 10 അല്ലെങ്കില്‍ 15 മിനിറ്റ് കാല്‍ ചൂടുവെള്ളത്തില്‍ മുക്കി വെയ്ക്കുന്നത് നല്ലതാണ്. പേശികളെ ലൂസാക്കാനും, സ്‌ട്രെസ്സ് കുറയ്ക്കാനും സഹായിക്കും. അതുപോലെ, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കുന്നതാണ്.

കാല്‍പാദങ്ങളിലെ വിള്ളല്‍ അകറ്റാന്‍ എന്നും കല്ലില്‍ കാല്‍ ഉരയ്ക്കുന്നത് നല്ലതാണ്. ആദ്യം കാല്‍പാദം ചെറുചൂടുവെള്ളത്തില്‍ മുക്കി വെയ്ക്കുക. അതിനുശേഷം ചെറിയ കല്ലില്‍ കാല്‍പാദം ഉരയ്ക്കുക. ഉരച്ചതിനുശേഷം മോയ്‌സ്ച്വറൈസര്‍ പുരട്ടാന്‍ മറക്കരുത്. ഇത്തരത്തില്‍ പതിവായി പുരട്ടുന്നത് ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നതാണ്. പാദങ്ങള്‍ എല്ലാ കാലത്തും മൃദുലമായിരിക്കാനും ഇത് സഹായിക്കുന്നു.

CONTENT HIGHLIGHT: natural remedies and foot care