ഇന്ത്യൻ സിനിമാ ലോകത്തെ സംബന്ധിച്ച് എറ്റവും സുപ്രധാനം എന്നും ബോളിവുഡ് ചിത്രങ്ങൾ ആയിരുന്നു. ഒരു കാലത്ത് ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ആ സമയവും ഇന്ന് കടന്നുപോയി. ബാഹുബലിയില്‍ നിന്ന് ആരംഭിച്ച പാന്‍ ഇന്ത്യന്‍ സഞ്ചാരം തെന്നിന്ത്യന്‍ സിനിമകള്‍ തുടരുകയാണ്. അതിൽ സുപ്രധാന പങ്ക് വഹിച്ച വർഷമാണ് 2022. രണ്ടു കൊല്ലത്തെ കൊവിഡ് ബാധയില്‍ നിന്നും നിയന്ത്രണങ്ങള്‍ ഇല്ലാതെ തീയറ്ററുകള്‍ തുറന്ന വര്‍ഷത്തില്‍ എന്നാല്‍ ഇന്ത്യന്‍ സിനിമ രംഗം മാറിയ അഭിരുചികളുടെയും, കാഴ്ചശീലത്തിന്‍റെ പുതിയ അനുഭവത്തിലേക്കാണ് ചുവടുവച്ചത്. ഹിന്ദി ചലച്ചിത്ര വ്യവസായം വന്‍ ഫ്ലോപ്പുകളുടെ പടുകുഴിയില്‍ ആയപ്പോള്‍ കന്നഡ, തെലുങ്ക്, തമിഴ് സിനിമകൾ ആഗോളതലത്തിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയായിരുന്നു. ആർആർആർ, കെജിഎഫ് 2, കാന്താര എന്നിവ വൻ വിജയങ്ങളായിരുന്നു. പുഷ്പ 2 ആണ് അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രി. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 1799 കോടി നേടിയ ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസിലും വിസ്മയമാണ് തീര്‍ത്തത്.
പുഷ്പ 2 വിന് ലഭിച്ച ജനപ്രീതി അറിയാൻ വിറ്റ ടിക്കറ്റുകളുടെ എണ്ണം മാത്രം നോക്കിയാൽ മതി. . ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ മാത്രം പുഷ്പ 2 ഇന്ത്യയില്‍ ഇതിനകം വിറ്റത് 2 കോടിക്ക് മുകളില്‍ ടിക്കറ്റുകളാണ്. എന്നാല്‍ 29 ദിവസം കൊണ്ട് ഇന്ത്യയില്‍ ആകെ വിറ്റ ടിക്കറ്റുകളുടെ എണ്ണം അതിലും ഞെട്ടിക്കുന്നതാണ്. 6 കോടി ടിക്കറ്റുകളാണ് ചിത്രം ഇന്ത്യയില്‍ 29 ദിവസം കൊണ്ട് വിറ്റത്. ബാഹുബലി 2 ന് ശേഷം ഒരു ചിത്രം ഇത്രയും ടിക്കറ്റുകള്‍ വില്‍ക്കുന്നത് ഇന്ത്യന്‍ സിനിമയില്‍ ആദ്യമാണ്. 10 കോടിക്ക് മുകളില്‍ ടിക്കറ്റുകളാണ് ബാഹുബലി 2 ഇന്ത്യയില്‍ വിറ്റത്.
ഇന്ത്യയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ എക്കാലത്തെയും ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ പുഷ്പ 2 എത്തിയെങ്കിലും ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ ചിത്രം എന്ന പേരിൽ ഒന്നാം സ്ഥാനത്ത് എത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി അതേ സ്ഥാനത്ത് തന്നെ തുടരുകയാണ്. രമേഷ് സിപ്പിയുടെ സംവിധാനത്തില്‍ ധര്‍മ്മേന്ദ്ര, സഞ്ജീവ് കുമാര്‍, ഹേമ മാലിനി, അമിതാഭ് ബച്ചന്‍, ജയ ബാധുരി, ഇഫ്തിക്കല്‍ തുടങ്ങിയവര്‍ ഒന്നിച്ച കള്‍ട്ട് ചിത്രം ഷോലെ ആണ് അത്. 1975 ല്‍ പുറത്തെത്തിയ ഷോലെ ഇന്ത്യയില്‍ 12 കോടിയിലേറെ ടിക്കറ്റുകളാണ് വിറ്റത്. സിനിമയ്ക്ക് ലോംഗ് റണ്‍ ഉണ്ടായിരുന്ന കാലത്ത് റിലീസ് ചെയ്ത ഷോലെ മുംബൈയിലെ മിനര്‍വ തിയറ്ററില്‍ അഞ്ച് വര്‍ഷത്തിലേറെയാണ് ഓടിയത്.