Entertainment

സമകാലീന ഇന്ത്യയുടെ അധോലോകങ്ങൾ ; ‘പാതാള്‍ ലോക്’ വീണ്ടും എത്തുന്നു

ആമസോൺ പ്രൈമിലെ മികച്ച ഹിന്ദി വെബ് സീരീസുകളിൽ ഒന്നാണ് ‘പാതാള്‍ ലോക്’. സുദീപ് സര്‍മ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ സീരീസാണിത്. ഒരു മാധ്യമപ്രവര്‍ത്തകന്റെ കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നാലു യുവാക്കള്‍ അറസ്റ്റിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സീരീസില്‍ പറയുന്നത്. തരുണ്‍ തേജ്പാലിന്റെ ദി സ്‌റ്റോറി ഓഫ് മൈ അസാസിന്‍സ് എന്ന നോവലാണ് ഈ സീരീസ് തയ്യാറാക്കാൻ പ്രചോദനമായത്.

മൂന്ന് ലോകങ്ങളാണുള്ളത്. മുകളിൽ സ്വർഗ്ഗം, അവിടെയാണ് ദൈവങ്ങൾ വസിക്കുന്നത്.നമ്മള്‍ മനുഷ്യർ താമസിക്കുന്ന ഭൂമിയാണ് നടുവിൽ.ഏറ്റവും അടിയിൽ പ്രാണികളുടേതായ പാതാള ലോകം. കീഴുദ്യോഗസ്ഥനായ അന്‍സാരിയോടുള്ള ഹാത്തിറാം ചൗധരിയുടെ ഈ വിവരണത്തോടെയാണ് പാതാള്‍ ലോക് ആരംഭിക്കുന്നത്. സീരിസിലുടനീളം ചര്‍ച്ച ചെയ്യും ഈ മൂന്ന് ലോകങ്ങളാണ്. ഇപ്പോൾ സീരീസിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. സീരിസിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈം പുറത്തുവിട്ടു. ടീസറിൽ ജയ്ദീപ് ഹലാവത്ത് ഹാത്തിറാം ചൗധരി എന്ന പൊലീസ് ഓഫീസറായി തിരിച്ചെത്തുന്നതാണ് കാണിക്കുന്നത്.

ഒരു പുതിയ സാഹസികതയാണ് പുതിയ സീസണില്‍ എന്ന സൂചന നല്‍കുന്നു. രണ്ടാം സീസണിന്റെ ദൃശ്യങ്ങൾ ഒന്നും പക്ഷെ ഇതിൽ കാണിക്കുന്നില്ല. ഒരു മോണലോഗ് ഒരു തകരാറിലായ ലിഫ്റ്റില്‍ നിന്ന് ജയ്ദീപ് ഹലാവത്തിന്‍റെ കഥാപാത്രം പറയുന്നതാണ് ടീസറില്‍ ഉള്ളത്.

പുതിയ സീസൺ ഇഷ്‌വാക് സിംഗിന് പുറമേ തിലോത്തമ ഷോമിനെയും ഗുൽ പനാഗിനെയും സീരിസില്‍ തിരിച്ചെത്തിക്കുന്നുണ്ട്. സീസണ്‍ 2 ജനുവരി 17-ന് പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യും. അവിനാഷ് അരുൺ ധവാരെ സംവിധാനം ചെയ്ത് സുദീപ് ശർമ്മ ക്രിയേറ്ററായ ഈ സീരീസ് യൂനോയ ഫിലിംസ് എൽഎൽപിയുമായി സഹകരിച്ച് ക്ലീൻ സ്ലേറ്റ് ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്.

നടി അനുഷ്ക ശര്‍മ്മയും സഹോദരന്‍ കര്‍ണേഷ് ശര്‍മ്മയും നടത്തുന്ന പ്രൊഡക്ഷന്‍ ഹൗസാണ് ക്ലീൻ സ്ലേറ്റ് ഫിലിംസ്. പാതാള്‍ ലോക് ആദ്യ സീസണ്‍ ഇറങ്ങിയതിന് പിന്നാലെ ഇത് വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും അതിലെ ഉള്ളടക്കത്തിന്‍റെ പേരില്‍ അനുഷ്കയ്ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഈ സീരിസ് പ്രമോട്ട് ചെയ്ത് പോസ്റ്റിട്ട അനുഷ്കയുടെ ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വീരാട് കോലിയും സൈബര്‍ ആക്രമണം നേരിട്ടിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് ഇറങ്ങിയ സീരിസ് വന്‍ വിജയമായതിന് പിന്നാലെ രണ്ടാം ഭാഗം എത്തുമെന്ന് അനുഷ്ക ശര്‍മ്മ അന്നെ ഉറപ്പ് നല്‍കുകയായിരുന്നു.