തീരദേശ മത്സ്യഗ്രാമങ്ങളെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെ പ്രതിരോധിക്കുന്ന തരത്തില്‍ എല്ലാ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടും കൂടി വികസിപ്പിക്കുന്നതിനായി P.M.M.S.Y പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണ് Climate Resilient Coastal Fishermen Villages (C.R.C.F.V). കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദന മന്ത്രാലയം, രാജ്യത്തുടനീളമുള്ള 100 തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളെ തിരഞ്ഞെടുത്തിനു ശേഷം പദ്ധതിക്ക് തുടക്കമിട്ടു. ഇതോടൊപ്പം തീരദേശ സമൂഹങ്ങളുടെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
തിരഞ്ഞെടുത്ത 100 ഗ്രാമങ്ങളുടെ വികസനത്തിനുള്ള നോഡല്‍ ഏജന്‍സിയായി നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിനെ (N.F.D.B) നിയോഗിച്ചിട്ടുണ്ട്. C.R.C.F.V പദ്ധതി നടപ്പിലാക്കുന്നതിനായി 2024-25 വാര്‍ഷിക പ്രവര്‍ത്തന പദ്ധതി (എ.എ.പി) പ്രകാരം മൊത്തം 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. C.R.C.F.V പദ്ധതി പ്രകാരം കേരളത്തില്‍ നിന്നും 6 തീരദേശ ഗ്രാമങ്ങളെ തിരഞ്ഞെടുത്തു. അഴീക്കല്‍, ഇരവിപുരം, തോട്ടപ്പള്ളി, പള്ളം, എടവനക്കാട്, ഞാറക്കല്‍ എന്നീ ഗ്രാമങ്ങളില്‍ വികസനത്തിന് അംഗീകാരം നല്‍കി. മൊത്തം പദ്ധതി ചെലവ് 12 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. വിശദമായ സൂക്ഷ്മപരിശോധനയ്ക്കു പിന്നാലെയാണ് അംഗീകാരം.
അനുവദിച്ച തുകയില്‍ 70 ശതമാനവും അടിസ്ഥാന സൗകര്യ വികസനത്തിനായിരിക്കും ഉപയോഗിക്കുക. ബാക്കി തുക മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കും. 100 ശതമാനം കേന്ദ്ര സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ മത്സ്യഗ്രാമത്തിലേയും മത്സ്യത്തൊഴിലാളികള്‍ക്ക് അനുഗുണമാകുന്ന തരത്തില്‍ വരുമാനദായക പദ്ധതികളും,മത്സ്യ ഗ്രാമത്തിലെ പൊതുവായ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളുമാണ് ഈ പദ്ധതി വഴി നടപ്പിലാക്കുന്നത്.
കേന്ദ്ര മന്ത്രി ശ്രീ ജോര്‍ജ് കുര്യന്‍ C.R.C.F.V പദ്ധതി പ്രകാരം തിരഞ്ഞെടുത്ത ആലപ്പുഴ ജില്ലയിലെ തോട്ടപ്പളളി മത്സ്യഗ്രാമം ജനുവരി 1നു സന്ദര്‍ശിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. ഈ മത്സ്യഗ്രാമത്തിലുളള ഭൂരിഭാഗം മത്സ്യതൊഴിലാളികളും പൂര്‍ണ്ണമായും പരമ്പരാഗത മത്സ്യബന്ധനത്തേയും, മത്സ്യ അനുബന്ധ തൊഴിലിനേയും ആശ്രയിച്ച് ജീവിക്കുന്നവരാണ്. വരും ദിവസങ്ങളില്‍ മറ്റു മത്സ്യ ഗ്രാമങ്ങളും കേന്ദ്ര മന്ത്രി സന്ദര്‍ശിക്കുന്നതായിരിക്കും. കൂടാതെ ഈയിടെ കേന്ദ്രമന്ത്രി കൊയിലാണ്ടി, പുതിയാപ്പ, അര്‍ത്തുങ്കല്‍ ഫിഷിംഗ് ഹാര്‍ബര്‍ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിരുന്നു.
CONTENT HIGH LIGHTS; 6 coastal villages of Kerala included in the central plan and started the development work: Union Minister of State George Kuryan personally reviewed the development plans