Entertainment

കഴിഞ്ഞവർഷം ഇന്ത്യൻ സിനിമയിൽ ഏറ്റവും ലാഭം നേടിയത് മലയാള ചിത്രം ; ബജറ്റിന്‍റെ 45 മടങ്ങ് കളക്ഷൻ

മലയാള സിനിമയെ സംബന്ധിച്ച് 2024 ൽ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും ഹിറ്റുകളായിരുന്നു. ബോളിവുഡിനെ സംബന്ധിച്ച് അത്ര ശുഭകരമായിരുന്നില്ലെങ്കിലും സൗത്ത് ഇന്ത്യൻ സിനിമാ ലോകം മുഴുവനായും 2024ൽ തിളങ്ങി. ന്ത്യയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ മുന്‍നിരയിലേക്ക് പുഷ്‍പ 2 എത്തിയപ്പോള്‍ മലയാള സിനിമ ബോക്സ് ഓഫീസിലും ഉള്ളടക്കത്തിലും വിസ്മയം തീര്‍ത്തു. ഇപ്പോഴിതാ 2024 ലെ ഏറ്റവും ലാഭകരമായ ചിത്രം ഏതെന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാവുകയാണ്. ആ നേട്ടം സ്വന്തമാക്കിയിരിക്കുന്നതും മലയാള ചിത്രം തന്നെയാണ്.

ബജറ്റിന്‍റെ 45 മടങ്ങ് കളക്ഷന്‍ നിര്‍മ്മാതാവിന് നേടിക്കൊടുത്തത് ‘പ്രേമലു’ ആണ്. പുഷ്പ 2: ദ റൂൾ , കൽക്കി 2898 എഡി, സ്ത്രീ 2 എന്നീ മൂന്ന് ചിത്രങ്ങളാണ് ആയിരം കോടി ക്ലബിൽ കയറിയതെങ്കിലും ലാഭമേറിയ ചിത്രം എന്ന കിരീടം പ്രേമലു ആണ് സ്വന്തമാക്കിയത്. സൂപ്പർതാരങ്ങളൊന്നുമില്ലാതെ മൂന്നു കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച പ്രമേലു 45 മടങ്ങിലേറെയാണ് നേടിയത്. 136 കോടി രൂപയാണ് പ്രേമലു വാരിക്കൂട്ടിയത്. 45 മടങ്ങ് ലാഭം എന്നത് ഈ വർഷത്തെ ഒരു ഇന്ത്യൻ ചിത്രത്തിനും അവകാശപ്പെടാൻ ഇല്ലാത്തതും എക്കാലത്തെയും ഉയർന്ന വരുമാനവുമാണ്.

നസ്‍ലെന്‍, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു ആണ് ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ലാഭകരമായ ചിത്രമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കളക്ഷനില്‍ പ്രേമലുവിന്‍റെ പല മടങ്ങ് നേടിയ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായെങ്കിലും അവയുടെ ബജറ്റും കൂടുതല്‍ ആയിരുന്നു. ഉദാഹരണത്തിന് 1800 കോടി നേടിയ പുഷ്പയുടെ ബജറ്റ് 350 കോടി ആയിരുന്നു. 1000 കോടിക്ക് മേല്‍ നേടിയ കല്‍ക്കി 2898 എഡിയുടെ ബജറ്റ് 600 കോടി ആയിരുന്നു. ബോളിവുഡിലെ ഏറ്റവും വലിയ വിജയമായിരുന്ന സ്ത്രീ 2 875 കോടി കളക്റ്റ് ചെയ്തെങ്കില്‍ ബജറ്റ് 90 കോടി ആയിരുന്നു. അതേസമയം ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള പ്രേമലു 2 കൂടുതല്‍ വലിയ കാന്‍വാസിലാവും ഒരുങ്ങുക.