Celebrities

യൂട്യൂബ് ചാനൽ തുടങ്ങാൻ ഒരുങ്ങി ദിലീപ്? ‘ ഇരുന്ന് കൊടുത്താൽ ലക്ഷങ്ങളാണ് വരുമാനം’| Dileep about youtubers

ദിലീപിന് പുറമേ പരിപാടിയിൽ പങ്കെടുത്ത നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും ഈ ചോദ്യത്തിന് മറുപടി നൽകി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദിലീപ്. ഒരുകാലത്ത് ജനപ്രിയ നായകൻ എന്ന വിശേഷണം ദിലീപിനായിരുന്നു സ്വന്തം. മലയാളികൾ എന്നും ഓർത്തിരിക്കുന്ന നൊസ്റ്റാൾജിക് ചിത്രങ്ങളുടെ ഭാഗമായിരുന്നു ദിലീപ്. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി വിജയിച്ചിത്രങ്ങൾ ദിലീപിന് ലഭിച്ചിട്ടില്ല . അടുത്തിടെ ഇറങ്ങിയ ദിലീപ് ചിത്രങ്ങൾക്ക് ഒന്നും വേണ്ടത്ര സ്വീകാര്യത നേടാൻ കഴിഞ്ഞിരുന്നില്ല.

 

അവസാനമായി അരുൺ ഗോപി സംവിധാനം ചെയ്‌ത രാമലീല എന്ന ചിത്രമാണ് വമ്പൻ ഹിറ്റായി ദിലീപിന്റേതായി ബോക്‌സ് ഓഫീസിൽ ആളെകൂട്ടിയത്‌. ഇപ്പോഴിതാ വീണ്ടും മലയാളി പ്രേക്ഷകരുടെ മനം കവരാനുള്ള ശ്രമത്തിലാണ് താരം. അതിന്റെ ഭാഗമായി ടെലിവിഷൻ പരിപാടികളിൽ ഉൾപ്പെടെ തുടർച്ചയായി ദിലീപ് മുഖം കാണിക്കുന്നുണ്ട്.

 

ഏറ്റവും ഒടുവിലായി സീ കേരളം ചാനലിലെ സൂപ്പർ ഷോയിലാണ് താരം പങ്കെടുത്തത്. ഈ പരിപാടിയുടെ പ്രമോ വീഡിയോകളും മറ്റും കഴിഞ്ഞ ദിവസം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഹിറ്റ് ചിത്രമായ പാണ്ടിപ്പടയിലെ വിശേഷങ്ങൾ പങ്കുവച്ച് കൊണ്ട് നവ്യ നായർക്ക് ഒപ്പമാണ് ദിലീപ് ഈ പരിപാടിയിൽ വേദി പങ്കിട്ടത്. അതിനിടയിൽ വന്ന ഒരു ചോദ്യവും അതിന് ദിലീപ് നൽകിയ ഉത്തരവുമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

 

പരിപാടിയിൽ പങ്കെടുത്ത താരങ്ങളോട് യൂട്യൂബ് ചാനൽ തുടങ്ങുന്നതിനെ കുറിച്ചായിരുന്നു ചോദ്യം. ദിലീപിന് പുറമേ പരിപാടിയിൽ പങ്കെടുത്ത നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും ഈ ചോദ്യത്തിന് മറുപടി നൽകി. ഇതിൽ നവ്യ നായർക്ക് നേരത്തെ യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. അതിൽ ധാരാളം സബ്സ്ക്രൈബേഴ്‌സ് ഉണ്ട് താനും.

 

ഈ ചോദ്യത്തിന് താരങ്ങൾ നൽകിയ മറുപടി രസകരമായിരുന്നു. അവതാരകയായ ലക്ഷ്‌മി നക്ഷത്രയാണ് ഇവരോട് ചോദ്യം ചോദിച്ചത്. തുടങ്ങാൻ പോവുന്ന യൂട്യൂബ് ചാനലുകൾക്ക് തങ്ങൾ എന്ത് പേരാവും ഇടുകയെന്നാണ് താരങ്ങൾ പറഞ്ഞത്. ധ്യാൻ ശ്രീനിവാസൻ ചാനൽ തുടങ്ങുകയാണെങ്കിൽ ധ്യാനകേന്ദ്രം എന്നാവും പേരിടുക എന്നാണ് പറഞ്ഞത്.

 

ഇതിലും രസകരമായിരുന്നു സുരാജിന്റെ മറുപടി. സൂരജ് വെഞ്ഞാറമൂട് എന്ന പേരിനെ ചുരുക്കി അതിലെ ‘മൂട്’ എന്ന ഭാഗം മാത്രമായിരിക്കും ചാനലിന് ഇടുകയെന്നാണ് താരം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ചോദ്യം ദിലീപിന് നേരെയും എത്തിയത്. താൻ യൂട്യൂബ് ചാനൽ ഒരിക്കലും തുടങ്ങില്ലെന്ന് പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ദിലീപ് തന്നെ വച്ച് ലക്ഷങ്ങൾ വാങ്ങുന്ന യൂട്യൂബർമാർ ഉണ്ടെന്നും അഭിപ്രായപ്പെട്ടു.

 

‘ഞാന്‍ കാരണം ഒരുപാട് പേർ യൂട്യൂബ് ചാനലുകള്‍ തുടങ്ങുന്നുണ്ട്. ഞാന്‍ വെറുതേ ഇരുന്ന് കൊടുത്താല്‍ മതി. നല്ല ലക്ഷങ്ങളുണ്ടാക്കുന്ന ആളുകളുണ്ട്. അതിൽ നിന്നുള്ള ഒരു വിഹിതം എനിക്ക് തന്നാല്‍ മതിയായിരുന്നു. കേശു ഈ വീടിന്റെ നാഥന്‍ എന്ന് പറയുന്നത് പോലെ ഞാനാണ് അവരുടെ ഐശ്വര്യം. അവരുടെ അംബാസിഡറാണ് ഞാന്‍. എന്ന് കരുതി ഞാനൊരിക്കലും യൂട്യൂബ് ചാനല്‍ തുടങ്ങില്ല എന്നൊന്നും പറയാൻ കഴിയില്ല’ ദിലീപ് കൂട്ടിച്ചേർത്തു.

 

അതിനിടെ സൂപ്പർ ഷോയിൽ പാണ്ടിപ്പടയിലെ ചില രംഗങ്ങൾ ദിലീപ് അനുകരിച്ചത് വലിയ രീതിയിൽ ശ്രദ്ധ നേടുന്നുണ്ട്. ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുൻപ് ഇറങ്ങിയ ചിത്രത്തിലെ ഹിറ്റായ ഡയലോഗുകളാണ് ദിലീപ് ആവർത്തിച്ചത്. നവ്യ നായർ പോലും ദിലീപിന് മുന്നിൽ വിയർത്തുവെന്നും പഴയത് പോലെ നല്ലൊരു സ്ക്രിപ്റ്റ് കിട്ടിയാൽ ദിലീപ് അഴിഞ്ഞാടുമെന്നുമാണ് ആരാധകർ പറയുന്നത്.

Content Highlight: Dileep about youtubers