ബിഗ് ബോസ് എന്നത് തനിക്ക് ചാടിക്കടക്കാനുള്ള വലിയ മതിൽ ആയിരുന്നെന്ന് മത്സരാർത്ഥിയായിരുന്ന അർജുൻ ശ്യാം. ഇനിയും ഇതുപോലുള്ള നിരവധി മതിലുകൾ ഉണ്ട്. ബിഗ് ബോസിലെ 100 ദിവസം എന്നെ വളരെ അധികം കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. എനിക്ക് ഇനി എവിടെ പോയാലും ജീവിക്കാൻ പറ്റും എന്ന സ്ഥിതിയിലായിട്ടുണ്ട്. പിന്നെ എന്റെ കുറെ ക്യാരക്ടേഴ്സ് സ്വയം മനസിലാക്കാൻ പറ്റിയെന്നും അർജുൻ പറഞ്ഞു.സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
ചെറുപ്പത്തിൽ വളരെ അധികം ബോഡി ഷെയ്മിങ്ങ് കേട്ടിട്ടുണ്ട്. തടിയുടെ പേരിൽ നീളത്തിന്റെ പേരിൽ. തേട്ടി പോലെ വളർന്നു, തെങ്ങ് പോലെ എന്നൊക്കെയായിരുന്നു പരിഹാസങ്ങൾ. ഈ ചെക്കന്റെ കൂടെയാണോ പഠിക്കുന്നേ എന്നൊക്കെ പലരും മറ്റ് കുട്ടികളോട് ചോദിക്കും, അവരൊക്കെ കുട്ടികളും ഞാൻ അപ്പച്ചനെ പോലെയുമാണെന്നൊക്കെ പറയും. 15 വയസിലൊക്കെ എന്നെ കണ്ടാൽ 24 വയസൊക്കെ ഉള്ളൊരാളെ പോലെയായിരുന്നു. ഞാൻ നീളം മറയ്ക്കാനൊക്കെ നടന്നിരുന്നു. അതൊക്കെ എന്റെ ആരോഗ്യത്തെ പിന്നീട് ബാധിച്ചു. പ്ലസ് ടു വരെ സ്റ്റേജ് കയറിയിട്ടില്ല. ആൾക്കാരെ അഭിമുഖീകരിക്കാൻ വളരെ പേടിയായിരുന്നു.
പ്ലസ് ടു കഴിയുമ്പോൾ മിലിട്ടറിയിലുള്ള അങ്കിളിനെ പരിചയപ്പെട്ടു. അദ്ദേഹം പറഞ്ഞു നീളം നിന്റെ പ്ലസ് പോയിന്റ് ആണെന്ന്. പക്ഷെ കുറെ പേർ പരിഹസിക്കുമ്പോൾ നമ്മുക്ക് ഭയം കാണും, ചില വസ്ത്രങ്ങൾ ഇടാൻ പേടിയുണ്ടാകും. ഞാൻ ഡോക്ടർ ലൗവ് എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് അഭിനയിച്ചത്. 10ാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. അന്ന് എനിക്ക് അത്രയേ വയസുളളൂവെങ്കിലും കോളേജിൽ പഠിക്കുന്നൊരാളുടെ ലുക്ക് ഉണ്ട്. അങ്ങനെയാണ് അവസരം കിട്ടിയത്. ദിവസവും 200 രൂപയൊക്കെയായിരുന്നു ലഭിക്കുക. ആ സെറ്റിൽ സിനിമയുടെ പ്രധാന താരങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന പരിഗണനയൊക്കെ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു’, അർജുൻ പറഞ്ഞു.
വിവാഹ സങ്കൽപ്പങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ-‘ വിവാഹമേ ഞാൻ തിരഞ്ഞെടുക്കൂ, ലിവ് ഇൻ റിലേഷൻഷിപ്പ് എനിക്ക് വർക്കാകില്ല. ഞാൻ കണ്ടുവളർന്ന രീതി വെച്ചായിരിക്കാം ചിലപ്പോൾ. ഞാൻ എന്റെ മാതാപിതാക്കളുടെ ജീവിതമാണ് കണ്ടത്. എല്ലാ സാഹചര്യങ്ങളിലും നമ്മുടെ കൂടെ നിൽക്കുന്നൊരാൾ, ഒരു കംപാനിയൻ എനിക്ക് ഭാര്യ, കുടുംബം, കുട്ടികൾ ഇതൊക്കെ പ്രധാനമാണ്. ലിവ് ഇൻ റിലേഷനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. ഒരുപക്ഷെ മറ്റുള്ളവർക്ക് അത് വർക്കായേക്കാം. പക്ഷെ എനിക്ക് സെറ്റാകില്ല.
27 വയസായെന്നതൊക്കെ ആരെങ്കിലും ഡേറ്റ് ഓഫ് ബെർത്ത് ചോദിക്കുമ്പോഴാണ് ഓർമ വരിക. ഞാൻ ഇപ്പോഴും 22 ലൊക്കെ സെറ്റായി നിൽക്കുകയാണ്. ചില സമയത്ത് തന്ത വൈബ് അടിക്കാറുണ്ട്, കാരണം ഞാൻ ഇപ്പോൾ കൂടുതായും വെജിറ്റേറിയൻ ഭക്ഷണമാണ് കഴിക്കുന്നത്, പഴയ പാട്ടിലേക്ക് പോകുകയാണ്, പഴയ സിനിമകൾ അങ്ങനെയൊക്കെയാണ് ചിന്തകൾ.ഞാൻ ഇപ്പോൾ സിംഗിൾ ആണ്. മിങ്കിൾ ആവണമെന്ന ചിന്തയിലേക്കൊന്നും വന്നിട്ടില്ല’, താരം വ്യക്തമാക്കി.
Content Highlight: Bigg boss fame Arjun about wedding