കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. പുതിയ സ്റ്റാൻഡ് പരിസരത്തെ ഹോട്ടലിൽ നടത്തിയ പരിശോധനയിലായിരുന്നു എംഡിഎംഎ വേട്ട. ഫറൂഖ് ചെറുവണ്ണൂർ സ്വദേശി കളത്തിൽ പറമ്പിൽ ഷാരോണിനെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി നാർകോടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും ചേർന്നാണ് യുവാവിനെ പിടികൂടിയത്. നേരത്തെയും എംഡിഎംഎ കേസിൽ പ്രതിയാണ് ഇയാള്‍.
ഫറൂഖ് ചെറുവണ്ണൂർ സ്വദേശി കളത്തിൽപറമ്പിൽ സേവ്യറിൻ്റെ മകനായ ഷാരോണിനെ (33) യാണ് പൊലീസ് പിടിയിലായത്. വിപണിയിൽ ഏതാണ്ട് 15 ലക്ഷം രൂപയ്ക്ക് മുകളിലാണ് പിടിച്ചെടുത്ത മയക്കുമരുന്നിൻ്റെ മൂല്യം. ആറുമാസം മുമ്പ് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 35 ഗ്രാം എംഡിഎംഎയുടെ കേസിലും ഇയാളെ പ്രതി ചേർത്തിട്ടുള്ളതാണ്. കോഴിക്കോട് മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ വൻ കണ്ണികളാണ് ഇയാളെപ്പോലെയുള്ള യുവാക്കളെ ഉപയോഗപ്പെടുത്തി മാരക രാസ ലഹരികൾ നാട്ടിലേക്ക് എത്തിക്കുന്നത്. ഇന്ന് രാവിലെ ബംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന ലഹരിയാണ് കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപമുള്ള ഹോട്ടലിൽ നിന്നും പൊലീസ് പിടിച്ചത്.
കഴിഞ്ഞ മാസം മാത്രം 650 ഗ്രാം എംഡിഎംഎയാണ് രണ്ട് കേസുകളിൽ നിന്നായി ഡാൻസാഫ് സംഘം പിടിച്ചെടുത്തത്. പുതുതലമുറയെ നശിപ്പിക്കുന്ന ഇത്തരം ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്നത്തിന് വേണ്ടി സിറ്റി പൊലീസിൻ്റെ ഭാഗത്ത് നിന്നും ശക്തമായ പരിശോധനയാണ് നടന്ന് വരുന്നത്. ലഹരി മാഫിയ സംഘങ്ങളെ പൂർണമായും തടയിടണമെങ്കിൽ പൊതുജന പങ്കാളിത്തവും വളരെ ആവശ്യമാണ് എന്ന് സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
ഡാൻസാഫ് സബ് ഇൻസ്പെക്ടർ മരായ മനോജ് എടയേടത്ത്, അബ്ദു റഹ്മാൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ അഖിലേഷ്, സുനോജ് കാരയിൽ, സരുൺകുമാർ പി കെ, ലതീഷ് കെ, ശ്രീശാന്ത് എൻ കെ, ഷിനോജ് മംഗലശ്ശേരി, അതുൽ ഇ വി, ദിനീഷ് പി കെ, അഭിജിത്ത് പി, മുഹമ്മദ് മഷ്ഹൂർ കെ എം, നടക്കാവ് സബ് ഇൻസ്പെക്ടർ ബിനു മോഹൻ, ഗ്രേഡ് എസ് ഐ വിനോദ് കുമാർ, എന്‍സിപിഒ ജിത്തു വി കെ, ഷിജിത്ത് കെ, ബിജു കെ കെ, ഷൈന പികെ, ഷോബിക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
content highlight : youth-arrested-with-300-g-mdma-in-kozhikode