തൃശൂർ: വിവരാവകാശ രേഖ നൽകാൻ കൈക്കൂലി വാങ്ങിയ തൃശൂർ മാടക്കത്ര വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. കൊടകര സ്വദേശി പോളി ജോർജാണ് 3000 രൂപ കൈക്കൂലി വാങ്ങവേ പിടിയിലായത്. പട്ടയത്തിൻ്റെ വിവരാവകാശ രേഖ നൽകുന്നതിന് വേണ്ടിയാണ് ഇയാൾ മൂവായിരം രൂപ കൈക്കൂലി വാങ്ങിയത്. താണിക്കുടം സ്വദേശി ദേവേന്ദ്രനാണ് പരാതിക്കാരൻ.
17 സെന്റ് സ്ഥലത്തിന്റെ പട്ടയം സംബന്ധിച്ച് വിവരാവകാശം കിട്ടാൻ മാടക്കത്തറ വില്ലേജ് ഓഫീസിൽ എത്തിയ താണിക്കുടം സ്വദേശി ദേവേന്ദ്രനോട് രേഖ ലഭിക്കണമെങ്കിൽ മൂവായിരം രൂപ കൈക്കൂലിയായി നൽകണമെന്ന് വില്ലേജ് ഓഫിസറായ പോളി ജോർജ് ആവശ്യപ്പെടുകയായിരുന്നു. അവകാശം ചോദിച്ചെത്തിയപ്പോൾ വില്ലേജ് ഓഫീസർ മോശമായി പെരുമാറിയതായും പരാതിക്കാരൻ ആരോപിച്ചു. തുടർന്ന് ദേവേന്ദ്രൻ വിജിലൻസിൽ പരാതി നൽകി. പരാതിയെത്തുടർന്ന് തൃശൂർ വിജിലൻസ് നടത്തിയ കെണിയിലാണ് വില്ലേജ് ഓഫീസർ കുടുങ്ങിയത്. വില്ലേജ് ഓഫീസറെക്കുറിച്ച് സമാനമായ പരാതികൾ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചതായി തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോൾ പറഞ്ഞു.
content highlight : bribery-case-village-officer-arrested-in-thrissur