Entertainment

തിയേറ്ററിൽ കിതച്ച് വരുൺ ധവാൻ-കീർത്തി സുരേഷ് ചിത്രം ; ബഡ്ജറ്റിന്റെ പകുതി പോലും നേടാനാകാതെ തകർന്നടിഞ്ഞ് ‘ബേബി ജോൺ’

കഴിഞ്ഞ കുറച്ച് കാലമായി ബോളിവുഡിന് വളരെ മോശം സമയമാണ്. വന്‍ ബജറ്റില്‍ എടുത്ത എന്നാല്‍ വന്‍ പരാജയമായ ചിത്രങ്ങളുടെ നീണ്ട പട്ടിക തന്നെ ബോളിവുഡിൽ കഴിഞ്ഞ വർഷം ഉണ്ട്. 2024 ൽ അവസാനം ഇറങ്ങിയ ചിത്രമായ ബേബി ജോണും ഇപ്പോൾ ആ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്.

കാലീസ് സംവിധാനം ചെയ്ത് അറ്റ്ലി നിര്‍മ്മിച്ച ചിത്രം വരുണ്‍ ധവന് ബോളിവുഡിലെ എ സ്റ്റാര്‍ നടനാക്കാന്‍ സാധ്യതയുള്ള ഒരു മാസ് ആക്ഷൻ ചിത്രം എന്ന നിലയിലാണ് ഇറക്കിയത്. എന്നാല്‍ വന്‍ പ്രമോഷന്‍ നടത്തിയിട്ടും ക്രിസ്മസ് ന്യൂ ഇയര്‍ റിലീസ് ലഭിച്ചിട്ടും സിനിമ ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞുവെന്നാണ് ഏറ്റവും പുതിയ വിവരം. 160 കോടി മുതൽമുടക്കിലെടുത്ത ചിത്രം രാജ്യത്ത് നിന്ന് 40 കോടിയിൽ താഴെ മാത്രമാണ് കളക്ഷൻ നേടാനായത്. ആഭ്യന്തര ബോക്സ് ഓഫീസിൽ സിനിമ ഇതുവരെ 34.4 കോടി കളക്ട് ചെയ്തത്.

ക്രിസ്മസ് ദിനത്തിൽ റിലീസ് ചെയ്‌ത സിനിമ രണ്ടാം ശനിയാഴ്ചയിൽ വെറും 40 ലക്ഷം മാത്രമാണ് നേടിയത്. ഇതോടെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പരാജയ സിനിമകളുടെ പട്ടികയിലേക്ക് ബേബി ജോൺ എത്തുമെന്നാണ് റിപ്പോർട്ടുകൾ. പുഷ്പ 2, മുഫാസ, മാർക്കോ എന്നീ സിനിമകൾക്കൊപ്പം യേ ജവാനി ഹേ ദീവാനി റീ റിലീസും ബേബി ജോണിന്റെ കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്.

തമിഴില്‍ വന്‍ ഹിറ്റായ ദളപതി വിജയ് നായകനായി അറ്റ്ലി ഒരുക്കിയ തെറിയുടെ റീമേക്കായിരുന്നു ബേബി ജോണ്‍. വിജയ്‌യുടെ പ്രകടനത്തിനൊപ്പം എത്താൻ വരുൺ ധവാനായില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ ആണ് ആദ്യമേ വന്നത്. മിഴ് വേർഷനായ തെരിയുടെ സീൻ ബൈ സീൻ റീമേക്ക് ആണ് ബേബി ജോണെന്നും ഒരു പുതുമയും സിനിമയിൽ അവകാശപ്പെടാനില്ലെന്നുമാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദളപതിയുടെ സ്വാഗിനും സ്റ്റൈലിനുമൊപ്പം എത്താൻ വരുണിനെക്കൊണ്ട് കഴിയുന്നില്ലെന്നും ചിത്രത്തിന്റെ ദൈർഘ്യം വളരെ കൂടുതലാണെന്നുമാണ് മറ്റ് വിമർശനങ്ങൾ.

കീര്‍ത്തി സുരേഷ് നായികയായി എത്തിയ ആദ്യത്തെ ബോളിവുഡ് ചിത്രവും ഇതായിരുന്നു. ബോളിവുഡ് അരങ്ങേറ്റത്തിൽ തന്നെ പിഴച്ച കീർത്തിക്കും ചിത്രം വലിയ നിരാശയാണ് സമ്മാനിക്കുന്നത്. മുടക്ക് മുതലിന്‍റെ പകുതിയെങ്കിലും ചിത്രം ബോക്സോഫീസില്‍ നേടുമോ എന്ന ചോദ്യത്തിലാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍. പരമാവധി ചിത്രം 60 കോടിയാണ് നേടാന്‍ സാധ്യത എന്നാണ് ഇപ്പോള്‍ ബോക്സോഫീസ് നല്‍കുന്ന സൂചന.