Celebrities

കാശിന് വേണ്ടിയല്ല അഭിനയിക്കുന്നത്; ആ സിനിമ പരാജയപ്പെട്ടപ്പോള്‍ നാല്‍പത് ലക്ഷം രൂപ തിരികെ നല്‍കിയ സായി പല്ലവി | sai pallavi returned 40 lakhs to producer

രാമായണ കഥ പറയുന്ന രാമായണം എന്ന ബോളിവുഡ് ചിത്രത്തില്‍ സീതയായി അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണിപ്പോള്‍

ഒരൊറ്റ സിനിമ കൊണ്ട് പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അത്തരത്തിൽ ഒരു സിനിമയിലെ തന്റെ കഥാപാത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്‌ട താരമായ നായികയാണ് സായി പല്ലവി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്‌ത് മലയാളത്തിലെ റൊമാന്റിക് സിനിമകളിൽ ഒന്നായ പ്രേമത്തിലൂടെ ആയിരുന്നു സായി പല്ലവിയുടെ അരങ്ങേറ്റം. പിന്നീട് അങ്ങോട്ട് താരത്തിന് കരിയറിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തമിഴ്, തെലുഗു തുടങ്ങി എല്ലാ തെന്നിന്ത്യൻ ഭാഷകളിലും താരം നായികാ വേഷം കൈകാര്യം ചെയ്‌തു.

മലയാളത്തിലൂടെ തുടങ്ങിയെങ്കിലും സായ് പല്ലവി കൂടുതലും അഭിനയിക്കുന്നത് തെലുങ്ക് സിനിമകളിലാണ്. തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലെ സ്ഥിരം നായിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുകയായിരുന്നു സായ് പല്ലവി. മിഡിൽ ക്ലാസ് അബ്ബായി, എൻജികെ, ഗാർഗി, ഫിദ, മാരി 2, ശ്യാം സിങ്ക റോയ്, ലവ് സ്‌റ്റോറി തുടങ്ങിയ സിനിമകളിലൂടെ ആരാധകരുടെ കയ്യടി നേടി മുന്നേറുകയാണ് സായ് പല്ലവി.

ഓൺ സ്‌ക്രീനിലെ ശക്തമായ കഥാപാത്രങ്ങൾ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ കാഴ്ചപ്പാടുകളിലൂടേയും സായ് പല്ലവി വാർത്തകൾ ഇടം നേടാറുണ്ട്. എന്നാൽ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സായ് പല്ലവി എവിടേയും സംസാരിക്കാറില്ല. ഓഫ് സ്‌ക്രീൻ ജീവിതത്തെ പരാമവധി ക്യാമറക്കണ്ണുകളിൽ നിന്നും അകറ്റി നിർത്താൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് സായ് പല്ലവി. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഇത് വ്യക്തമാണ്. അതുകൊണ്ടു തന്നെ സിനിമയ്ക്ക് പുറമെയുള്ള സായ് പല്ലവിയുടെ ജീവിതം അറിയാൻ എപ്പോഴും ആരാധകർക്കിടയിലൊരു കൗതുകമുണ്ട്.

രാമായണ കഥ പറയുന്ന രാമായണം എന്ന ബോളിവുഡ് ചിത്രത്തില്‍ സീതയായി അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണിപ്പോള്‍ സായി പല്ലവി. രണ്‍ബീര്‍ കപൂര്‍ ആണ് രാമനായി എത്തുന്നത്. രാമനായി അഭിനയിക്കുന്നത് കൊണ്ട് തന്നെ രണ്‍ബീര്‍ കപൂര്‍ മദ്യപാനവും മാംസാഹാരങ്ങളും നൈറ്റ് പാര്‍ട്ടികളും ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. താന്‍ പൂര്‍ണമായും വെജിറ്റേറിയനാണ് എന്ന് നേരത്തെ സായി പല്ലവി തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

സായി പല്ലവിയുടെ സിനിമ തിരഞ്ഞെടുപ്പുകളെ പ്രശംസിക്കുന്ന ആരാധകര്‍, നേരത്തെ ഒരു സിനിമ പരാജയപ്പെട്ടപ്പോള്‍ സായി പല്ലവി ചെയ്ത കാര്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. സിനിമ പരാജയപ്പെട്ടപ്പോള്‍ സായി പല്ലവി പ്രതിഫലമായി വാങ്ങിയ കാശില്‍ നിന്ന് നാല്‍പത് ലക്ഷം രൂപ തിരികെ നല്‍കുകയായിരുന്നു.

2018 ല്‍ പുറത്തിറങ്ങിയ പടി പടി ലേചെ മനസു എന്ന തെലുങ്ക് സിനിമയുടെ പരാജയത്തിന് ശേഷമാണ് സായി പല്ലവി നിര്‍മാതാവിന് പ്രതിഫലത്തില്‍ നിന്ന് നാല്‍പത് ലക്ഷം രൂപ തിരികെ നല്‍കിയത്. നിര്‍മാതാവിന് അനാവശ്യ കണ്ടീഷനുകള്‍ നല്‍കി സായി പല്ലവി പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു എന്ന ഗോസിപ്പുകള്‍ക്കിടയിലായിരുന്നു ഈ വാര്‍ത്ത പുറത്തുവന്നത്.

കാശിന് വേണ്ടിയല്ല അഭിനയിക്കുന്നത്, അത് തന്റെ പാഷനാണെന്ന് പലപ്പോഴും സായി പല്ലവി പറഞ്ഞിട്ടുള്ളതാണ്. ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തിട്ടും സായി പല്ലവി അഭിനയിക്കാന്‍ തയ്യാറാവാതിരുന്നതും ശ്രദ്ധേയമാണ്.

CONTENT HIGHLIGHT: sai pallavi returned 40 lakhs to producer