മലയാള സിനിമയിലെ ഇടിത്തീ പോലെയായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് വീണത്. അതിനുശേഷം ഉണ്ടായ വിവാദങ്ങൾ അമ്മയെ കൊണ്ട് ചെന്ന് എത്തിച്ചത് തകർച്ചയിലാണ്. സംഘടനയുടെ തലപ്പത്തിരിക്കുന്നവർക്ക് ഉൾപ്പെടെ എതിരെയാണ് പലരും വെളിപ്പെടുത്തലുകൾ നടത്തിയത്. അതോടെ ഇവരെല്ലാവരും തന്നെ നേതൃസ്ഥാനം ഒഴിഞ്ഞു. കൃത്യമായ മറുപടി പോലും പറയാതെ ആയിരുന്നു നേതൃസ്ഥാനങ്ങൾ ഒഴിഞ്ഞത്. ഈ സമയത്ത് അമ്മയ്ക്കെതിരെ ഏറ്റവും കൂടുതൽ സംസാരിച്ചത് ഡബ്ല്യു സി സി ആയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ അമ്മയുടെ ഉയർത്തെഴുന്നേപ്പിനുള്ള സമയം ആയിരിക്കുകയാണ് എന്നാണ് താരങ്ങൾ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കുടുംബസംഗമം നടത്തിയത്. ഇതിനിടയിലാണ് അമ്മ സംഘടനയെ കുറിച്ച് പാർവതി തിരുവോത്തും സുരേഷ് ഗോപിയും നടത്തിയ പരാമർശങ്ങൾ ചർച്ചയാകുന്നത്. അമ്മ കുടുംബ സംഗമ വേദിയിൽ സുരേഷ് ഗോപി നടത്തിയ പരാമർശം പാർവതിയ്ക്ക് എതിരെ ഉള്ളതാണ് എന്നതായിരുന്നു സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായം.
അടുത്തിടെ നടന്ന ഡബ്ല്യുഎൽഎഫ് വേദിയിൽ പാർവതി സംഘടനയ്ക്കെതിരെ സംസാരിച്ചിരുന്നു. അമ്മ എന്ന് സംഘടനയെ വിളിക്കേണ്ടെന്നാണ് പാർവതി പറഞ്ഞത്. എപ്പോഴും ആ തിരുത്തൽ വേണ്ടി വരുന്നുണ്ട്. ഒരു കൂട്ടായ്മയെയും പരിഹസിക്കാൻ വേണ്ടിയല്ല. വലിയൊരു പഠനമായിരുന്നു എനിക്കത്. എഎംഎംഎയാണ്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്. അസോസിയേഷനാണ്. ഒരു ക്ലബ് അല്ല, ഒരു കുടുംബമല്ല.
ഓരോ തവണയും അസോസിയേഷനിൽ പോയി പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അത് വിട് പാർവതി, നമ്മൾ ഒരു കുടുംബമല്ലേ എന്ന് പറയും. പഞ്ചായത്തിൽ പണ്ട് കണ്ട് വരുന്ന രീതിയിലുള്ള വോട്ടെടുപ്പുകളാണ്. ആരാണെന്ന് കൈ പൊക്കി കാണിക്കും. ഒരു ഘട്ടം കഴിഞ്ഞ് പ്രഹസനമാണെന്ന് മനസിലാക്കി കഴിയുമ്പോൾ സ്വാഭിമാനം ഉള്ളത് കൊണ്ട് ഇറങ്ങാൻ തോന്നും. അതാണ് താൻ ചെയ്തതെന്നും പാർവതി പറഞ്ഞു.
ഇതിന് മറുപടിയെന്നോണമാണ് കഴിഞ്ഞ ദിവസം അമ്മ കുടുംബസംഗമ വേദിയിൽ സുരേഷ് ഗോപി സംസാരിച്ചത്. അമ്മ എന്ന പേര് സംഘടനയ്ക്ക് നൽകിയത് സ്വർഗീയനായ മുരളിയാണ്. നമ്മുടെയൊക്കെ മുരളി ചേട്ടൻ. അതങ്ങനെ തന്നെ ഉച്ചരിക്കണം. പുറത്ത് നിന്നുള്ള മുതലാളിമാർ പറയുന്നത് അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ എന്ന പേര് അവൻമാരുടെ വീട്ടിൽ കൊണ്ട് വെച്ചാൽ മതി. ഞങ്ങൾക്ക് അമ്മയാണ് ഈ സംഘടനയെന്നും സുരേഷ് ഗോപി തുറന്നടിച്ചു.
നേതൃത്വം തിരിച്ച് വരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ആറ് മാസം മുമ്പ് നമ്മളൊക്കെ ഹൃദയം കാെണ്ട് വോട്ട് ചാർത്തിയ സംഘം ഇവിടെ നിന്നും വെറുംവാക്ക് പറഞ്ഞ് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാൻ കരുതുന്നുള്ളൂ.ആ സംഘം ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കണം. വീഴ്ചയിൽ നിന്ന് തിരിച്ച് വന്ന മറുപടി നൽകണം. ഇത് അപേക്ഷയായല്ല ആജ്ഞയായി എടുക്കണമെന്നും സുരേഷ് ഗോപി തന്റെ പ്രസംഗത്തിൽ പറഞ്ഞു. നേരത്തെ അമ്മയിൽ നിന്ന് രാജി വെച്ചതാണ് പാർവതി.