മലയാള സിനിമയിൽ മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് ജഗതി ശ്രീകുമാർ. ഏതു കഥാപാത്രമാണെങ്കിലും അതിനെ തന്മയത്തോടുകൂടി അവതരിപ്പിക്കാനുള്ള ജഗതി ശ്രീകുമാറിന്റെ കഴിവ് വളരെ വലുതാണ്. എന്നാൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നിരിക്കുകയാണ് താരത്തിന്. മലയാള സിനിമയിൽ അദ്ദേഹം ഉണ്ടാക്കിയ വിടവ് നികത്താൻ ഇനിയും ആർക്കും സാധിച്ചിട്ടില്ല. ആരാധകരെല്ലാം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. 2022ൽ പുറത്തിറങ്ങിയ സിബിഐ 5 ദി ബ്രെയിൻ എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ മുഖം കാണിച്ചിരുന്നു. എന്നാൽ ആരാധകരെ സന്തോഷത്തിൽ ആഴിത്തിക്കൊണ്ടുള്ള കിടിലൻ മേക്കോവറിൽ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ഒരു വേഷത്തിൽ ജഗതി ശ്രീകുമാർ സിനിമയിലേക്ക് തിരികെ വരുകയാണ്.
‘വല’ എന്ന സിനിമയിലെ ‘പ്രഫസർ അമ്പിളി’ എന്ന മുഴുനീള വേഷത്തിലൂടെ സിനിമാലോകത്തേക്ക് അതിഗംഭീര തിരിച്ചുവരവിനാണ് അദ്ദേഹം ഒരുങ്ങുന്നത്. അദ്ദേഹത്തിന്‍റെ 73-ാം പിറന്നാള്‍ ദിനത്തിൽ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ‘വല’ അണിയറപ്രവർത്തകര്‍.
വിഖ്യാതനായ ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിങിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന ജഗതിയെ പോസ്റ്ററില്‍ കാണാം. പ്രഫസർ അമ്പിളി അഥവാ അങ്കിള്‍ ലൂണാർ എന്നാണ് ചിത്രത്തിൽ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ശരിക്കും ലോകത്തെ തന്‍റെ കൈവെള്ളയിൽ നിയന്ത്രിക്കുന്ന ഒരു മാസ്റ്റർ മൈൻഡ് ശാസ്ത്രജ്ഞന്‍റെ റോളാണ് അദ്ദേഹത്തിന് എന്ന് തോന്നിപ്പിക്കും വിധമുള്ള വ്യത്യസ്തമായ അവതരണമാണ് പോസ്റ്ററിലേത്.
‘ഗഗനചാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുത്തന്‍ ജോണര്‍ തുറന്നുകൊടുത്ത യുവ സംവിധായകന്‍ അരുണ്‍ ചന്തുവിന്‍റെ അടുത്ത ചിത്രമായാണ് വല എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ‘ഗഗനചാരി’ക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് ‘വല’ എന്ന പുതിയ ചിത്രമെത്തുന്നത്. ഭൂമിയില്‍ നിന്നും പുറത്തേക്ക് വളര്‍ന്ന നിലയിലുള്ള ചുവപ്പന്‍ പേശികളുമായുള്ള വലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏവരും ഏറ്റെടുത്തിരുന്നു. സിനിമയുടെ അനൗൺസ്മെന്‍റ് വിഡിയോയും രസകരമായിരുന്നു.
ഗോകുല്‍ സുരേഷും അജു വര്‍ഗീസും ഭാഗമായ ഈ അനൗണ്‍സ്‌മെന്‍റ് വിഡിയോ വലയെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. കോമഡി കൂടി കലര്‍ന്നായിരിക്കും മലയാളത്തിന്‍റെ സോംബികള്‍ എത്തുക എന്ന സൂചനയായിരുന്നു ഈ വിഡിയോ നല്‍കിയിരുന്നത്. ഇപ്പോഴിതാ പുതിയ ക്യാരക്ടർ പോസ്റ്ററും ഏവരും നെഞ്ചോടുചേർത്തിരിക്കുകയാണ്.
‘ഗഗനചാരി’യുടെ തുടര്‍ച്ചയാണോ, വ്യത്യസ്തമായ ചിത്രമാണോ, അതോ പുതിയ യൂണിവേഴ്‌സിന് തുടക്കമാണോ എന്നെല്ലാം ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
മരിച്ചിട്ടും മരിക്കാതെ തുടരുന്ന മനുഷ്യരെയും ജീവികളെയുമാണ് സയന്‍സ് ഫിക്‌ഷന്‍ ലോകത്ത് സോംബികളെന്ന് വിളിക്കുന്നത്. ഇവരുടെ ആക്രമണത്തില്‍ പെടുന്നവരും സോംബികളായി മാറുന്നതാണ് പൊതുവെ ഫിക്ഷനില്‍ കണ്ടുവരാറുള്ളത്. ഹോളിവുഡ് അടക്കമുള്ള വിദേശ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ഭാഷകളില്‍ വളരെ വിരളമായേ സോംബികള്‍ സ്‌ക്രീനില്‍ എത്തിയിട്ടുള്ളു. മലയാളത്തിലെ ആദ്യ സോംബി ചിത്രങ്ങളിലൊന്നായാണ് ഇപ്പോള്‍ വല വരാന്‍ ഒരുങ്ങുന്നത്. 2025ലായിരിക്കും ചിത്രം തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്.
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ഗഗനചാരിയിലെ അനാര്‍ക്കലി മരിക്കാര്‍, കെ. ബി. ഗണേശ്കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അർജുൻ നന്ദകുമാർ എന്നിവരും വലയില്‍ ഭാഗമാണ്. മാത്രമല്ല, മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും വലയ്ക്ക് ഉണ്ട്.
അണ്ടർഡോഗ്സ് എന്‍റർടെയ്ൻമെന്‍റ്സ് നിര്‍മിക്കുന്ന ചിത്രത്തിൻ്റെ സഹനിർമ്മാണം ലെറ്റേഴ്‌സ് എന്‍റർടെയ്ൻമെന്‍റ്സാണ്. ടെയ്‌ലര്‍ ഡര്‍ഡനും അരുണ്‍ ചിന്തുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സുര്‍ജിത് എസ് പൈ, സംഗീതം ശങ്കര്‍ ശര്‍മ്മ, എഡിറ്റിംഗ് സിജെ അച്ചു, മേക്കപ്പ് ആര്‍ജി വയനാടന്‍, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, വിഎഫ്എക്സ് മേരാക്കി, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എഎസ് സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ഫൈനല്‍ മിക്സ് വിഷ്ണു സുജാതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ വിനീഷ് നകുലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, പിആർഒ ആതിര ദിൽജിത്ത്.
CONTENT HIGHLIGHT: jagathy sreekumar returns professor ambili