അടി, ഇടി, തീപ്പൊരികൾക്കിടയിൽ നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച് ഉണ്ണിമുകുന്ദൻ ചിത്രം മാർക്കോ. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആ നേട്ടവും സ്വന്തമാക്കിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന സിനിമയെ തേടി അർഹതപ്പെട്ട അംഗീകാരമാണ് എത്തിയിരിക്കുന്നത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 100 കോടി നേടി എന്ന വാർത്ത നിർമ്മാതാക്കളായ ക്യൂബ്സ് എന്റർടൈമെന്റ്സ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
നൂറ് കോടി ക്ലബിലെത്തുന്ന ഉണ്ണി മുകുന്ദന്റെ രണ്ടാം ചിത്രമാണ് ‘മാർക്കോ’. 2022ൽ പുറത്തിറങ്ങിയ ‘മാളികപ്പുറം’ ആയിരുന്നു ആദ്യത്തേത്. റിലീസ് ചെയ്ത മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസ്സിൽ മാർക്കോ പ്രദർശനം തുടരുകയാണ്.
ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ ‘മാർക്കോ’യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
5 ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയിരിക്കുന്നത്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ നിർമിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിച്ചിരിക്കുകയുമാണ് ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്. ഉണ്ണി മുകുന്ദൻ തന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.
CONTENT HIGHLIGHT: marco at 100 crore club