പാട്ട് റിയാലിറ്റി ഷോയിലൂടെ എത്തി അരാധകരുടെ മനസിൽ ഇടം നേടിയ വ്യക്തിയാണ് അമൃത സുരേഷ്. പിന്നീട് നടൻ ബാലയുമായി വിവാഹം കഴിച്ചതും വിവാഹമോചനം നേടിയതും തുടങ്ങി അമൃതയുടെ സ്വകാര്യ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാതാണ്. ഇതിന് പിന്നാലെ ഇപ്പോൾ തന്റെ വിവാഹ സങ്കൽപങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ്.
സോഷ്യൽ മീഡിയയിൽ സജീവമായ അഭിരാമി തന്റെ ജീവിതത്തിലെ കുഞ്ഞ് സന്തോഷങ്ങളെല്ലാം തന്റെ ചാനലിലൂടെ പങ്കുവക്കാറുണ്ട്. ഉട്ടോപ്യ എന്ന ഫുഡ് കഫെയും, ആമിന്റോ എന്ന എത്തനിക് വെയർസിന്റെ ബിസിനസുമായി ബിസിനസ് രംഗത്തും തന്റെ കഴിവ് അഭിരാമി ഇതിനോടകം തെളിയിച്ചിട്ടുണ്ട്. വളരെ സ്മാർട്ടായും ആക്ടീവ് ആയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് വിവാഹം തനിക്ക് ഒരു ട്രോമയാണ് എന്നത് താരം പറയുന്നത്.
അഭിരാമിയുടെ വാക്കുകൾ ഇങ്ങനെ – ‘വിവാഹം എന്നത് എനിക്ക് ട്രോമയാണ്. ചേച്ചിയുടെ ലൈഫ് കണ്ടാണ് അതിനോടൊരു പേടി വന്നത്. എല്ലാം ഒത്തുവന്നൊരാൾ വന്നാൽ മാത്രമെ ഈ കാലത്ത് ഒരാളെ കല്യാണം കഴിക്കാൻ പറ്റുള്ളൂ. മുൻപ് ഒരു വിവാഹം വന്ന് പോയതാണ്. ഈ പ്രശ്നങ്ങൾക്കിടയിൽ ആയത് കൊണ്ടായിരുന്നു അതിൽ നിന്നും മാറിയത്. വിവാഹം കഴിക്കാൻ ഞാൻ നിലവിൽ റെഡിയല്ല. ഇനിയിപ്പോ ഞാനൊരു കല്യാണം കഴിച്ചാൽ തന്നെ വേറൊരു ഫിൽട്ടറിൽ കൂടിയായിരിക്കും ഞാനത് നോക്കി കാണുന്നത്. എന്റെ ഫാമിലിയിലുണ്ടായ പ്രശ്നങ്ങളുടെ ട്രോമയിൽ നിന്നും റിക്കവറായി കഴിഞ്ഞാൽ ഉറപ്പായും ഞാൻ വിവാഹം കഴിക്കും. ആ സമയത്ത് ആരെങ്കിലും വന്നുകഴിഞ്ഞാൽ വിവാഹം കഴിക്കും. ഇക്കാലത്ത് അതൊക്കെ വലിയൊരു തീരുമാനമാണ്. ഞാനൊന്ന് കല്യാണം കഴിച്ചിട്ട് ഡിവോഴ്സ് ആകുന്നതെന്നത് ഒന്ന് ആലോചിച്ച് നോക്കിയെ. അപ്പോൾ ഞാനൊന്ന് ഓക്കെയായ ശേഷം നോക്കാം.’ എന്നാണ് താരം പറയുന്നത്.
വിവാഹമോചനത്തിന് ശേഷം ബാല വർഷങ്ങളോളം അമൃതയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. സോഷ്യൽ മീഡിയയിൽ അമൃതയ്ക്കും കുടുംബത്തിനും നേരെ കടുത്ത ആക്രമണം നടന്നു. അടുത്തിടെയാണ് വിവാഹ ജീവിതത്തിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ അമൃത തുറന്ന് പറയുന്നത്. ഇതോടെയാണ് ബാലയുടെ ആരോപണങ്ങൾ കുറഞ്ഞത്. ബാലയ്ക്കെതിരെ അമൃത കേസും കൊടുത്തു. ഇന്ന് അമൃതയെയും കുടുംബത്തെയും പിന്തുണയ്ക്കുന്നവർ ഏറെയാണ്. പ്രതിസന്ധി ഘട്ടത്തിൽ അമൃതയ്ക്ക് താങ്ങായത് സഹോദരി അഭിരാമി സുരേഷാണ്. മിക്കപ്പോഴും അമൃതയ്ക്ക് വേണ്ടി സംസാരിച്ചത് അഭിരാമിയാണ്.