Entertainment

കമന്റ് ഇട്ടവർ കുടുങ്ങി ; ഹണി റോസിനെതിരായി അശ്ലീല കമന്റിട്ട ഒരാൾ അറസ്റ്റിൽ

ഒരു വ്യക്തി തന്നെ മനഃപൂർവ്വം പിന്തുടരുകയും ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുന്നതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിടുന്നതായി കാണിച്ച് നടി ഹണി റോസ് നൽകിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ. കുമ്പളം സ്വദേശി ഷാജിയെ ആണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട ബാക്കിയുള്ളവരെക്കൂടി വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. അശ്ലീല പോസ്റ്റ് ഇട്ട 27 പേർക്കെതിരെ പോലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നു. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ കമന്റിട്ട 27 പേർക്കെതിരെയായിരുന്നു ഹണിറോസ് പരാതി നൽകിയത്. കമന്റുകളുടെ സ്ക്രീൻ ഷോട്ട് സഹിതം ഉൾപ്പെടുത്തിയായിരുന്നു പരാതി. ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്‌മെൻ്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു. പ്രസ്‌തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് തന്നെ ക്ഷണിച്ചപ്പോൾ, പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തൻ്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുവെന്നായിരുന്നു ഹണി റോസ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നത്. ഈ പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റുകളിലൂടെ രൂക്ഷമായ ആക്രമണം നടക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.