Celebrities

മൈക്ക് പിടിക്കാനാവാത്ത വിധം വിറച്ച് വിറച്ച് വേദിയിൽ വിശാൽ; താരത്തിന് ഇത് എന്തുപറ്റി ? | what happened to vishal

സംസാരിക്കാന്‍ പോലും കഴിയാത്ത അത്രയും അവസ്ഥയില്‍ വിശാല്‍ വിറക്കുന്നുണ്ടായിരുന്നു

കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് സിനിമാ ലോകത്തെ ചീറ്റപ്പുലി എന്ന വിശേഷണം താരം സ്വന്തമാക്കിയിരുന്നു. തമിഴ് താരസംഘടനയുടെ വിഷയങ്ങളിലും രാഷ്ട്രീയത്തിലും എല്ലാം താരം ഇടപെട്ടിരുന്നു. പല വിവാദങ്ങളിലും താരത്തിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. സിനിമകളുടെ കാര്യത്തില്‍ വളരെ അധികം സെലക്ടീവായ നടനെ പൊതു പരിപാടികളിലും ഇപ്പോൾ അധികം കാണാറില്ല. ഇപ്പോഴിതാ താരത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന തരത്തിലെ വാർത്തകളാണ് പുറത്തുവരുന്നത്.

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയാക്കിയ വിശാലിന്റെ മധ ഗജ രാജ എന്ന ചിത്രം ഈ ജനുവരി 12 ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടി നടന്നിരുന്നു. സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണി, സംവിധായകനും നടനുമായ സുന്ദര്‍ സി, നടി ഖുശ്ബു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ആ ചടങ്ങിന് എത്തിയ വിശാലിന്റെ അവസ്ഥയാണ് ആരാധകരെ ആശങ്കയിലാക്കുന്നത്.

വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച്, ക്ലീന്‍ ഷേവിലാണ് വിശാല്‍ എത്തിയത്. ആരോഗ്യം നന്നായി ക്ഷീണിച്ചതായി കാണാം. സംസാരിക്കാന്‍ പോലും കഴിയാത്ത അത്രയും അവസ്ഥയില്‍ വിശാല്‍ വിറക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് വിശാലിന് എന്ത് സംഭവിച്ചു, എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ വിറയ്ക്കുന്നത് എന്നൊക്കെയുള്ള ചോദ്യവും ആശങ്കയും ഉയര്‍ന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കടുത്ത പനിയായിരുന്നു വിശാലിന്. ആ വയ്യായ്ക വകവയ്ക്കാതെയാണ് സിനിമയുടെ പ്രമോഷന്‍ ഇവന്റിന് നടന്‍ എത്തിയത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ നടനില്ല. പല പ്രതിസന്ധികളും നേരിട്ട് അവസാനം 12 വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസാവുന്ന സിനിമയുടെ പ്രമോഷന്‍ ഈവന്റിന് വരാതെയിരിക്കാന്‍ സാധിക്കാത്തതിനാലാണ് വിശാല്‍ കടുത്ത പനിയിലും പരിപാടിയില്‍ പങ്കെടുത്തത്. അതേ സമയം ഈ റിപ്പോര്‍ട്ടുകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.

2013 ല്‍ ജെമിനി ഫിലിം സെര്‍ക്ക്യൂട്ടിന്റെ ബാനറില്‍ സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രമാണ് മധ ഗജ രാജ. വിശാലിനൊപ്പം അഞ്ജലി, വരലക്ഷ്മി ശരത് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം അന്ന് സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചില്ല. ഇപ്പോള്‍ പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ജനുവരി 12 ന് സിനിമ തിയേറ്ററുകളിലേക്ക് എത്തുകയാണ്.

CONTENT HIGHLIGHT: what happened to vishal