നമുക്ക് പ്രായം ആകുന്നത് അനുസരിച്ച് തന്നെ നമ്മുടെ ചർമത്തിനും പ്രായമാകും. അതിന്റെ ലക്ഷണമാണ് ചർമം ചുളിയുന്നത്. ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുകയും, കൊളാജന്‍ കുറയുകയും ചെയ്യുന്നതാണ് ചുളിവുകൾ വരുന്നതിന്റെ പ്രധാനകാരണം. എന്നാൽ ഇങ്ങനത്തെ അവസ്ഥ വരുന്നത് പ്രായം ആകുന്നത് കൊണ്ട് മാത്രമല്ല നമ്മുടെ ജീവിത ശൈലി കാരണം കൂടിയാണ്.
ശരിയായ ആഹാരരീതികള്‍ പിന്തുടരാത്തവരിലും, അമിതമായി കെമിക്കലുകള്‍ അടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നവരിലുമൊക്കെ ഇത്തരം അവസ്ഥ കണ്ടുവരാറുണ്ട്. അതുകൊണ്ട് തന്നെ ചർമത്തിലെ ചുളിവുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചർമം ചെറുപ്പമാകാൻ സഹായിക്കുന്ന കൊളാജന്‍ വര്‍ധിപ്പിക്കുന്ന ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചര്‍മത്തിന്റെ ആരോഗ്യത്തിന് കൊളാജന്‍ അനിവാര്യമാണ്. ഇലാസ്തികത നിലനിര്‍ത്താനും, യുവത്വം നിലനിര്‍ത്താനും കൊളാജന്‍ അടങ്ങിയ മീന്‍, മുട്ട, പാല്‍, ഇലക്കറികള്‍, തക്കാളി, ബെറീസ്, നട്‌സ്, സീഡ്‌സ് എന്നിവയെല്ലാം ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുക.
ചർമത്തിനു വയസാകുന്നതും അതിന് ഈർപ്പം നൽകുന്നതും തമ്മിൽ വലിയ ബന്ധമുണ്ട്. ചര്‍മത്തില്‍ ഈര്‍പ്പം ഇല്ലെങ്കില്‍, ചുളിവുകളും, മുഖക്കുരുവും വളരെ പെട്ടെന്ന് വരും. അതുകൊണ്ട് തന്നെ, ദിവസേന കൃത്യമായ അളവില്‍ ശുദ്ധമായ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ അമിതമായി മധുരവും ഉപ്പും അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.
ചർമ സംരക്ഷണത്തിൽ ഫേസ്പാക്കുകൾക്കും പ്രാധാന്യമുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും ചർമത്തിനു ഗുണങ്ങൾ നൽകുന്ന ഫേസ്പാക്കുകൾ ഉപയോഗിക്കണം. മുട്ടയുടെ വെള്ള മുഖത്ത് പുരട്ടുന്നത് ചര്‍മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ഇക്കാര്യങ്ങൾ ആഴ്ചയിൽ ഒരിക്കൽ മാത്രം ചെയ്താൽ മതി. അതുപോലെ, കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടുന്നതും വളരെ നല്ലതാണ്.
എപ്പോഴും പുറത്തേക്കിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ മറക്കരുത്. അമിതമായി സൂര്യപ്രകാശം ചര്‍മത്തില്‍ തട്ടുന്നത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതിനു കാരണമാകും. അതിനാല്‍ എസ്പിഎഫ് 30 ന് മേലെയുള്ള സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ദിനചര്യയിൽ തന്നെ സൺസ്‌ക്രീൻ ഉൾപ്പെടുത്തുന്നത് ചർമത്തിനു വളരെ നല്ലതാണ്. നല്ല കമ്പനിയുടേത് തന്നെ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.