ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. മലയാളത്തിൽ ഇതാദ്യമായാണ് ‘എ’ റേറ്റഡ് ചിത്രം 100 ക്ലബ്ബിൽ ഇടം നേടുന്നത്. ഇപ്പോഴിതാ, മാര്‍ക്കോ നൂറ് കോടി തിളക്കത്തിൽ എത്തി നിക്കുമ്പോൾ മനസ്സ് തുറക്കുകയാണ് ഉണ്ണി മുകുന്ദൻ. ഒരുപാട് സന്തോഷമുണ്ടെന്നാണ് താരം പറയുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷമായി ഫാമിലി സിനിമകള്‍ മാത്രമാണ് ചെയ്തിരുന്നതെന്നും അതിനൊരു ചെയ്ഞ്ച് ആയിരുന്നു മാര്‍ക്കോ എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ഗോള്‍ഡ് 101.3 എഫ്എമ്മിനോട് ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
‘ഒരുപാട് സന്തോഷം. ഒരുപാട് എഫെർട്ട് എടുത്ത് ചെയ്ത സിനിമയാണ് മാർക്കോ. കഴിഞ്ഞ അഞ്ചാറ് വർഷങ്ങളായിട്ട് ആക്ഷൻ സിനിമകൾ വേണ്ട, ഫാമിലി സിനിമകൾ ചെയ്ത് മുന്നോട്ട് പോകുകയായിരുന്നു. മാളികപ്പുറത്തിന്റെ സമയത്താണ് ഹനീഫ്, മാർക്കോയെ കുറിച്ച് പറയുന്നത്. പിന്നീടത് മുന്നോട്ട് പോയി. നമ്മൾ ആഗ്രഹിച്ചത് പോലെ സിനിമ എടുക്കാൻ പറ്റി. മാർക്കോ ഹിറ്റടിക്കുമെന്ന് ഉറപ്പായിരുന്നു. മലയാളത്തിൽ ഇതുവരെ നടന്മാർ ചെയ്യാത്ത ആക്ഷൻസ് ചെയ്യാൻ ഞാൻ റെഡി ആയിരുന്നു. പിന്നെ മിനിമം ഗ്യാരന്റി കഥയും ഉണ്ട്. അതുകൊണ്ട് ഹിറ്റടിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഇത്രയും വലിയ ഹിറ്റാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരു ദിവസം മലയാളത്തേക്കാൾ കൂടുതൽ കളക്ഷൻ ഹിന്ദിയിൽ നിന്നും നമുക്ക് കിട്ടി- എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.
മാര്‍ക്കോയുടെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന്, മാർക്കോ 2 ഉണ്ടാവും. ചിലപ്പോൾ മൂന്നുണ്ടാവും. എന്റെ മനസു പറയുന്നു മാർക്കോ നാലും ഉണ്ടാവും. അതുവരെ നമ്മൾ പോകും. ബാക്കി നമ്മുടെ ആരോഗ്യം പോലെ, എന്നാണ് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി.
ഡിസംബര്‍ 20ന് റിലീസ് ചെയ്ത ചിത്രമാണ് മാര്‍ക്കോ. റിലീസ് ചെയ്ത മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം നിറഞ്ഞ സദസ്സിലാണ് ‘മാർക്കോ’ പ്രദർശനം തുടരുന്നത്. ക്രിസ്മസ് – ന്യൂഇയർ വിന്നറായി മികച്ച ജനപിന്തുണയോടെ തിയേറ്ററുകളിൽ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ‘മാർക്കോ’. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ ‘മാർക്കോ’യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ തന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലുള്ളത്. ഉണ്ണിയുടേയും ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റൺ ചിത്രത്തിൽ ഒരുക്കിയിട്ടുള്ളത്.
ഉണ്ണി മുകുന്ദനേയും ജഗദീഷിനേയും കൂടാതെ സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്.