Movie News

അവൻ തിരിച്ചു വരുന്നു; എംപുരാൻ ലോഞ്ച് ടീസർ വൈറൽ! | empuraan-launch-teaser

സിനിമയുടെ ചിത്രീകരണം ഒക്ടോബർ അഞ്ചിന് ആരംഭിക്കും.

മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം എംപുരാന്റെ ലോഞ്ച് വിഡിയോ പ്രമൊ ടീസർ പുറത്തിറങ്ങി. സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫറിലെ ചില പ്രധാന രംഗങ്ങൾ കോർത്തിണക്കിയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. അവൻ വരുന്നു എന്ന ഗോവർദ്ധന്റെ ഡയലോഗോടെയാണ് ടീസർ അവസാനിക്കുന്നത്. ലൂസിഫറിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച കഥാപാത്രമാണ് ഗോവർദ്ധൻ. എംപുരാനിൽ ആശീർവാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്‌ഷൻസും കൈകോർക്കുന്നു. സിനിമയുടെ ചിത്രീകരണം ഒക്ടോബർ അഞ്ചിന് ആരംഭിക്കും.

സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എംപുരാന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രം ലൂസിഫറിന്റെ പ്രീക്വല്‍ ആകുമോ സീക്വല്‍ ആകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്.

സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങുന്നത്. മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല ‘എംപുരാൻ’ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും ഒടിടിയിലും വൻ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാൽ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.

STORY HIGHLIGHTS:  empuraan-launch-teaser