വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ബ്ലെസിയുടെ ആടുജീവിതം സിനിമ യാഥാർഥ്യമായത്. പ്രതീക്ഷ തെറ്റിക്കാതെ മികച്ച പ്രതികരണങ്ങൾ നേടി മികവുറ്റ ചിത്രമായും ആടുജീവിതം മാറിയിരുന്നു. ഇപ്പോൾ മലയാളത്തിന്റെ അഭിമാനമായി ഓസ്കർ നോമിനേഷനായുള്ള വോട്ടിങ്ങിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 97-ാമത് ഓസ്കർ പുരസ്കാരത്തിനായുള്ള പ്രാഥമിക റൗണ്ടിലേക്കാണ് സിനിമ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച സിനിമയുടെ ജനറൽ വിഭാഗത്തിലാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടത്. ജനറൽ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടതെന്നും ഇനിയാണ് വോട്ടെടുപ്പിലേക്ക് ഉൾപ്പെടെ വരുന്നതെന്നും സിനിമയുടെ സംവിധായകൻ ബ്ലെസി വ്യക്തമാക്കി.
മികച്ച സിനിമ എന്ന വിഭാഗത്തിൽ 323 ചിത്രങ്ങളുടെ പട്ടികയിലാണ് ആട് ജീവിതം ഇടംപിടിച്ചത്. 207 ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കാനാവും. അക്കാദമി അംഗങ്ങൾ വോട്ടിംഗ് പ്രക്രിയയിലൂടെ ആണ് അന്തിമ ലിസ്റ്റ് തയ്യാറാക്കുക. നാളെ മുതൽ 12 വരെയാണ് വോട്ടിംഗ്. ജനുവരി 17ന് ഓസ്കർ നോമിനേഷനുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. 10 ചിത്രങ്ങൾ വരെയാണ് നോമിനേഷൻ പട്ടികയിൽ ഇടംനേടാറുള്ളത്.
ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനായ കങ്കുവ, പായല്‍ കപാഡിയയുടെ സംവിധാനത്തില്‍ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ശുചി തലാത്തി സംവിധാനം ചെയ്ത ഗേള്‍സ് വില്‍ ബി ഗേള്‍സ്, രണ്‍ദീപ് ഹൂദ സംവിധാനം ചെയ്ത് നായകനായ സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍, സന്തോഷ് (ഇന്ത്യ-യുകെ) എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ ചിത്രങ്ങള്‍. നോമിനേഷന് വേണ്ടിയുള്ള വോട്ടിംഗ് നാളെ മുതല്‍ 12 വരെ നടക്കും.
ആഗോളതലത്തില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 160 കോടി രൂപയിലധികം നേടിയിരിക്കുന്നത് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ആടുജീവിതം 2024ലെ മലയാള ചിത്രങ്ങളില്‍ കളക്ഷനില്‍ രണ്ടാമതുമെത്തിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. നായകൻ പൃഥ്വിരാജ് ആടുജീവിതത്തില്‍ നജീബെന്ന കഥാപാത്രമായപ്പോള്‍ ജോഡിയായത് നടി അമലാ പോളും ചിത്രത്തിന്റെ ഛായാഗ്രാഹണം സാനു കെ എസാണ്.
ആഗോളതലത്തില്‍ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോര്‍ഡാണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായിരുന്നത്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. വേഗത്തില്‍ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ ആണെന്ന പ്രത്യേതകയുമുണ്ട്. കേരളത്തില്‍ നിന്ന് മാത്രമായി മലയാള സിനിമ വേഗത്തില്‍ ആകെ നേട്ടം 50 കോടി രൂപയിലെത്തിക്കുന്നതും ആടുജീവിതമാണ്.