മലയാള സിനിമയുടെ അഭിമാനമായി മാറിയ ബ്ലെസി ചിത്രമാണ് ആടുജീവിതം. ആടുജിവിതം പുറത്തിറങ്ങിപ്പോൾ തന്നെ ഇരുകെെയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. നജീബ് എന്ന മനുഷ്യൻ അനുഭവിച്ച തന്റെ ജീവിതത്തെ ബ്ലസ്സി എന്ന സംവിധായകൻ ആണ് വെള്ളതിരിയിൽ എത്തിച്ചത്. ഇപ്പോൾ ചിത്രം ഒരു വമ്പൻ നേട്ടത്തിനരികെ എത്തി നിൽക്കുകയാണ്.
മോഷൻ പിക്ചേഴ്‍സ് സൗണ്ട് എഡിറ്റേഴ്‍സ് (എംപിഎസ്ഇ) അവാര്‍ഡിനായുള്ള നോമിനേഷൻ പ്രഖ്യാപിച്ചപ്പോഴാണ് മലയാളത്തിനും നേട്ടമായിരിക്കുന്നത്. എഴുപത്തിരണ്ടാമത് ഗോള്‍ഡൻ റീല്‍ അവാര്‍ഡിനായാണ് ചിത്രത്തിന് നാമനിര്‍ദേശം ലഭിച്ചിരിക്കുന്നത് എന്നത് അഭിമാനകരമായിരിക്കുകയാണ്. റസൂല്‍ പൂക്കുട്ടിക്കും വിജയ്‍കുമാര്‍ മഹാദേവയ്യയ്‍ക്കുമാണ് അവാര്‍ഡിന് നോമിനേഷൻ ലഭിച്ചിരിക്കുന്നത് എന്നാണ് വ്യക്തമായിരിക്കുന്നത്. ഇക്കാര്യം റസൂല്‍ പൂക്കുട്ടി തന്നെ തന്റെ സാമൂഹ്യ മാധ്യമ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. വാർത്ത പൃഥ്വിരാജ് പങ്കുവെച്ചിട്ടുമുണ്ട്.
നേരത്തെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം ആടുജീവിതം സ്വന്തമാക്കിയിരുന്നു. വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ ചിത്രത്തിന്‍റെ സൗണ്ട് ട്രാക്ക് ഗ്രാമി പുരസ്കാരത്തിനുള്ള പരിഗണനയ്ക്കായി അയച്ചിരുന്നു. പുരസ്കാരത്തിന് അയച്ച സൗണ്ട് ട്രാക്ക് സമിതി നിർദേശിച്ച ദൈർഘ്യത്തേക്കാൾ ഒരു മിനിറ്റ് കുറവായിരുന്നതിനാൽ അയോഗ്യമാക്കപ്പെട്ടു. ചിത്രം ഇപ്പോൾ ഓസ്കർ പ്രാഥമിക പട്ടികയിലും ഇടം നേടിയിട്ടുണ്ട്. 97-ാ മത് ഓസ്കർ അവാർഡിനുള്ള പ്രാഥമിക യോഗ്യതയാണ് ചിത്രം നേടിയിരിക്കുന്നത്.
2008ൽ ആയിരുന്നു ബ്ലെസി ‘ആടുജീവിതം’ സിനിമയുടെ പണിപ്പുരയിലേക്ക് കടന്നത്. വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ൽ ഷൂട്ടിങ് തുടങ്ങി. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായത് കഴിഞ്ഞ വർഷം ജൂലൈ 14നാണ്. ജോർദാനിലായിരുന്നു മുഖ്യപങ്കും ചിത്രീകരിച്ചത്. പൃഥ്വിരാജിന്‍റെയും ബ്ലെസിയുടെയും കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയാണ് ‘ആടുജീവിതം’. ആഗോളതലത്തിൽ 150 കോടിയിലധികമാണ് ഈ ചിത്രം സ്വന്തമാക്കിയത്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രമെന്ന റെക്കോഡും ‘ആടുജീവിത’ത്തിന്‍റെ പേരിലാണ്. ‘മഞ്ഞുമ്മൽ ബോയ്‌സി’ൻ്റെ മുൻ റെക്കോർഡ് മറികടന്നായിരുന്നു ‘ആടുജീവിതം’ സിനിമയുടെ നേട്ടം.
അമല പോൾ നായികയായ ഈ ചിത്രം വിഷ്വൽ റൊമാൻസിന്‍റെ ബാനറിലാണ് എത്തിയത്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്.