തെന്നിന്ത്യൻ താരം അജിത്ത് കുമാറിന്റെ വാഹനപ്രേമം എല്ലാവർക്കും അറിയാം. ഇപ്പോൾ കാർ റേസിങ് ട്രാക്കിൽ വെച്ച് തലയുടെ വാഹനം അപകടത്തിൽപെട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ദുബായ് ഗ്രാൻഡ് പ്രിക്‌സിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയായിരുന്നു അപകടം. ആറ് മണിക്കൂര്‍ നീണ്ട എന്‍ഡ്യൂറസ് ടെസ്റ്റിനുള്ള പരിശീലന സെഷനില്‍, അജിത്തിന്റെ കാര്‍ ബാരിയറില്‍ ഇടിച്ച് ഏഴ് തവണ കറങ്ങിയാണ് നിന്നത്. ടെസ്റ്റ് സെഷന്‍ അവസാനിക്കാന്‍ രണ്ട് മിനിറ്റ് മുമ്പ് ആയിരുന്നു അപകടം.
വലിയ പരിക്കുകൾ ഏൽക്കാതെ തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്. തുടര്‍ന്ന് നടനെ രക്ഷപ്പെടുത്തി ആംബുലന്‍സില്‍ കയറ്റി. നടന്റെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്ന് മാനേജര്‍ സുരേഷ് ചന്ദ്ര വ്യക്തമാക്കി. അജിത്തിന് പരുക്കേറ്റില്ലെന്നും സുഖം പ്രാപിച്ചുവെന്നും ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. അപകടം സംഭവിക്കുമ്പോള്‍ അദ്ദേഹം ഓടിച്ച കാര്‍ 180 കിലോമീറ്റര്‍ വേഗതയിലായിരുന്നു.
അഭിനയത്തോടൊപ്പം കാർ, ബൈക്ക് റേസിനോട് വലിയ താല്പര്യമുള്ളയാളാണ് അജിത്ത് കുമാര്‍. പല റേസിങ്ങുകളിലും പങ്കെടുക്കുന്ന അജിത്തിന്റെ ഫോട്ടോകളും വീഡിയോകളും മുന്‍പ് പലപ്പോഴും പുറത്തുവന്നിരുന്നു. ഒരിടവേളയ്ക്ക് ശേഷം 2024 സെപ്റ്റംബറിലായിരുന്നു അജിത്ത് റേസിംഗ് ട്രാക്കിലേക്ക് തിരിച്ചെത്തിയത്. ദേശീയ മോട്ടോർസൈക്കിൾ ചാമ്പ്യൻഷിപ്പിലൂടെ റേസിങ്ങിലെത്തിയ അജിത്ത്, ദേശീയ സിംഗിൾ-സീറ്റർ റേസിംഗ് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഫോർമുല ബിഎംഡബ്ല്യു ചാമ്പ്യൻഷിപ്പ്, ബ്രിട്ടീഷ് ഫോർമുല 3 ചാമ്പ്യൻഷിപ്പ് തുടങ്ങിയവയില്‍ പങ്കെടുത്തിടുത്തിട്ടുണ്ട്.
അതേസമയം, വിഡാമുയര്‍ച്ചിയാണ് അജിത്തിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പൊങ്കലിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇത് മാറ്റുകയായിരുന്നു. എന്നാകും ചിത്രം റിലീസ് ചെയ്യുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് എത്തുന്നത്. തൃഷയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.