രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ഗെയിം ചേഞ്ചർ. 400 മുതൽ 500 കോടി വരെയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. സിനിമയിലെ പാട്ടുകളൊക്കെ ബ്രഹ്മാണ്ഡമായിട്ടാണ് എടുത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പ്രദർശന ശേഷം മടങ്ങവെ രണ്ട് ആരാധകർ അപകടത്തിൽ മരിച്ചു എന്ന വേദനിപ്പിക്കുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ശനിയാഴ്ച രാത്രി രാജമുണ്ട്രിയിൽ നടന്ന രാം ചരണ്‍ നായകനാകുന്ന ചിത്രം ഗെയിം ചേഞ്ചറിന്‍റെ പ്രീ-റിലീസ് ഇവന്‍റില്‍ പങ്കെടുത്ത് മടങ്ങവേ വാഹനാപകടത്തില്‍ ആയിരുന്നു മരണം.
കാകിനാഡയിലെ ഗൈഗോലുപാടു സ്വദേശികളായ അരവ മണികണ്ഠ (23), തൊക്കട ചരൺ (22) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച രാത്രി പരിപാടിയിൽ പങ്കെടുത്ത ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ എതിർദിശയിൽ നിന്ന് വന്ന വാൻ ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ പെദ്ദാപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റ ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. രംഗമ്പേട്ട പോലീസ് കേസെടുത്തു. രാം ചരൺ, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണ് എന്നിവർ പങ്കെടുത്ത പ്രീ-റിലീസ് ഇവന്‍റ് വലിയ വാര്‍ത്തയായിരുന്നു. ഇതിന് എത്തി മടങ്ങുമ്പോഴായിരുന്നു അപകടം. ഗെയിം ചേഞ്ചറിന്‍റെ നിർമ്മാതാവ് ദിൽ രാജു മരണപ്പെട്ട രണ്ട് ആരാധകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്തു.
ദിൽ രാജു സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്. -‘പരിപാടിക്ക് ശേഷമാണ് ഈ ദാരുണ സംഭവത്തെക്കുറിച്ച് അറിഞ്ഞത്. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞങ്ങൾ രണ്ട് കുടുംബങ്ങൾക്കും ഒപ്പം നിൽക്കുകയും പിന്തുണ നൽകുകയും ചെയ്യും. ഞാൻ ഉടൻ തന്നെ 5 ലക്ഷം രൂപ അവര്‍ക്ക് നല്‍കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഞങ്ങൾ അവർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുനൽകുന്നു. പവൻ കല്യാണും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.’ എന്നും അദ്ദേഹം വ്യക്തമാക്കി.