റോക്കിംഗ് സ്‌റ്റാര്‍ യാഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടോക്സിക്’. കെജിഎഫ് ചാപ്റ്റർ 2വിന് ശേഷം യാഷ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തിന്‍റെ സ്വന്തം ഗീതു മോഹന്‍ദാസ് ആണ്. ചിത്രത്തിന്റെ ടീസർ ഗ്ലിമ്പ്സ് ജനുവരി 8ന് പുറത്തിറങ്ങും. ആക്ഷൻ അഡ്വെഞ്ചർ ചിത്രത്തിന്റെ ഗ്ലിമ്പ്സ് യാഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് രാവിലെ 10.30 ന് പുറത്തു വിടാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട് മോഷൻ പോസ്റ്ററിലൂടെയാണ് വിവരം ആരാധകരെ അറിയിച്ചത്. പോസ്റ്ററിൽ തൊപ്പി വെച്ച് വിന്റെജ് കാറിൽ ചാരി സിഗാർ വലിച്ചു കൊണ്ട് പുറം തിരിഞ്ഞു നിൽക്കുന്ന യാസിനെയും കാണാം. പോസ്റ്റർ സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ കഥാപശ്ചാത്തലം പഴയൊരു ടൈം പീരിയഡ് ആണെന്നാണ്.
വെളുത്ത ടക്‌സീഡോ ജാക്കറ്റും ഫെഡോറയും ധരിച്ച് വിന്‍റേജ് കാറില്‍ പുറം തിരിഞ്ഞ് നില്‍ക്കുന്ന യാഷിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. ചിത്രത്തിന്‍റെ വലിയ അപ്ഡേഷന്‍ എന്തായാലും നാളെ അറിയാൻ കഴിയും. 500 കോടി രൂപയ്ക്ക് മുകളിലാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ബിഗ് സ്‌ക്രീനിലേക്ക് യാഷ് തിരിച്ചു വരവിന് ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. യഷിന്‍റെ പത്തൊന്‍പതാം സിനിമയാണിത്. എ ഫെയറി ടെയ്‌ല്‍ ഫോര്‍ ഗ്രോണ്‍ അപസ് എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.
ബ്രിട്ടീഷ് ടീവി ഷോ പീക്കി ബ്ലൈൻഡേഴ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗീതു മോഹൻദാസ് ടോക്സിക് ഒരുക്കിയിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ‘ഹിസ് അൺറ്റെയിംഡ് പ്രെസെൻസ് ഇസ് യുവർ എക്സിസ്റ്റൻഷ്യൽ ക്രൈസിസ്’ എന്നാണ് പോസ്റ്റർ വാചകമായി കൊടുത്തിരിക്കുന്നത്. ചിത്രം ആക്ഷൻ മൂവി ആണെങ്കിലും പതിവിനു വിപരീതമായി ഫീമെയിൽ കാഴ്ചപ്പാടിൽ ആവും കഥ പറയുകയെന്നാണ് ഗീതു മോഹൻദാസ് പറയുന്നത്. ടോക്സിക് ഈ വർഷം ഏപ്രിലിൽ തിയറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ കിയാരാ അദ്വാനിയും നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ നിതേഷ്തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിൽ രാവണനായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് യാഷ്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയുടെ വേഷത്തിൽ സായി പല്ലവിയും അഭിനയിക്കുന്നു. രാമായണത്തിന്റെ നിർമ്മാണ പങ്കാളി കൂടെയാണ് യാഷ്. അതേസമയം ‘മൂത്തോന്‍’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.