ഒരു കാലത്ത് ബോളിവുഡിന്‍റെ ഹിറ്റ് കോമ്പോ ആയിരുന്നു പ്രിയദര്‍ശന്‍- അക്ഷയ് കുമാര്‍. ഹൊറര്‍ കോമഡി എന്ന ജോണര്‍ അവിടെ ക്ലിക്ക് ആയതില്‍ മണിച്ചിത്രത്താഴിന്‍റെ റീമേക്ക് ആയിരുന്ന ഭൂല്‍ ഭുലയ്യയ്ക്ക് വലിയ പങ്കുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാര്‍ ആയിരുന്നു നായകന്‍. ഭൂല്‍ ഭുലയ്യയ്ക്ക് ശേഷം ഖട്ട മീഠ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചിരുന്നു. ഇപ്പോഴിതാ നീണ്ട 14 വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ഭൂത് ബംഗ്ല എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ സംബന്ധിച്ച് കൗതുകകരമായ ഒരു കാര്യം ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്.
പ്രിയദര്‍ശനും അക്ഷയ് കുമാറും ഭൂല്‍ ഭുലയ്യ ചിത്രീകരിച്ച അതേ ലൊക്കേഷനിലാണ് പുതിയ ചിത്രമായ ഭൂത് ബംഗ്ലയും ചിത്രീകരിക്കുന്നത്. ജയ്പൂരിലെ ചോമു പാലസ് ആണ് പ്രസ്തുത ലൊക്കേഷന്‍. സിനിമയിലെ 60 ശതമാനം രംഗങ്ങളും ഇവിടെയാവും ചിത്രീകരിക്കുന്നത്. അതിനാല്‍ത്തന്നെ ചിത്രത്തിലെ പ്രധാന താരങ്ങളൊക്കെയും ഇവിടുത്തെ ചിത്രീകരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ചിത്രീകരണം. ചില അതീന്ത്രീയ ശക്തികളുള്ള ബംഗ്ലാവായി ചിത്രത്തില്‍ എത്തുന്നത് ചോമു പാലസ് ആണ്. ജയ്പൂര്‍ കൂടാതെ മുംബൈയും ലണ്ടനും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ഇത്.
അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, അസ്രാണി, രാജ്‍പാല് യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2026 ഏപ്രിലിലാവും ചിത്രം തിയറ്ററുകളില്‍ എത്തുക. അതേസമയം അക്ഷയ് കുമാറിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ മറ്റ് നിരവധി ചിത്രങ്ങളുമുണ്ട്. സ്കൈ ഫോഴ്സ്, ജോളി എല്‍എല്‍ബി 3, ഹൗസ്‍ഫുള്‍ 5, വെല്‍കം ടു ദി ജംഗിള്‍ എന്നിവയാണ് അവ.
content highlight : priyadarshan-and-akshay-kumar-to-shoot-bhooth-bangla-on-the-same-location-of-bhool-bhulaiyaa