Celebrities

‘സ്റ്റേറ്റ് കടന്നപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി’; ഗീതു മോഹൻദാസിനെതിരെ ആഞ്ഞടിച്ച് കസബ സംവിധായകൻ | geethu-mohandas

രൺജി പണിക്കരുടെ മകൻ നിധിൻ രൺജി പണിക്കർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കസബ

കസബ എന്ന ചിത്രത്തെ കുറിച്ചുള്ള അഭിപ്രായ പ്രകടനത്തിന്റെ പേരിൽ നടി പാർവതി വ്യാപകമായ രീതിയിലുള്ള സൈബർ ആക്രമണം നേരിട്ടിരുന്നു. ആക്രമണം പാർവതി എന്ന വ്യക്തിക്ക് നേരെയല്ല, പ്രതികരിക്കുന്ന, സത്യങ്ങൾ തുറന്നുപറയുന്ന സ്ത്രീക്ക് നേരെയുള്ളതാണ് എന്നായിരുന്നു നടി അന്ന് അഭിപ്രായപ്പെട്ടത്. നിർഭാഗ്യവശാൽ ആ സിനിമ കാണേണ്ടിവന്നു എന്നു പറഞ്ഞാണ് പാർവതി ആരംഭിച്ചത്. സിനിമയിലെ വനിതാ പോലീസിനോട് നായകൻ പറഞ്ഞ ചില വാക്കുകൾ തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും പാർവതി പറഞ്ഞു.

രാജ്യാന്തര ചലച്ചിത്രവേദിയിലെ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു പാർവതി. രൺജി പണിക്കരുടെ മകൻ നിധിൻ രൺജി പണിക്കർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കസബ.’ സിനിമ പുറത്തിറങ്ങിയപ്പോൾ തന്നെ വിവാദങ്ങളും കൂടെയുണ്ടായിരുന്നു.

“മമ്മൂക്കയെ പോലെ ഇത്ര വലിയൊരു സ്ഥാനത്ത്  ഇരിക്കുന്ന ഒരാൾ ഇങ്ങനെ പറയുമ്പോൾ അത് മഹത്വവത്കരിക്കപ്പെടുകയാണ്. ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും ഉള്ള ബഹുമാനം നിലനിർത്തി തന്നെയാണ് ഞാനിത് പറയുന്നത്. ഒരു മഹാനടൻ അത്തരമൊരു സീനിൽ സ്ത്രീകളോട് മോശമായ ഡയലോഗുകൾ പറയുന്നത് ദുഃഖകരമാണ്. മറ്റുള്ള പുരുഷന്മാർക്കും ഇതേ കാര്യം ചെയ്യാനുള്ള ഒരു ലൈസൻസ് നൽകലാണ്. ഇതെല്ലാം സെക്സിയും കൂളുമാണെന്ന് അവർ തെറ്റിദ്ധരിക്കുന്നു.” പാർവതി അന്ന് പറഞ്ഞു. ആദ്യം പേരെടുത്തു പറയാതെയായിരുന്നു പാര്‍വതി മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ചത്. പിന്നീട് ഗീതു മോഹന്‍ദാസ് നിര്‍ബന്ധിച്ചപ്പോഴാണ് പാര്‍വതി കസബ എന്ന് എടുത്തു പറഞ്ഞത്.

ഇപ്പോള്‍ യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം ടോക്‌സിന്റെ ടീസര്‍ വിഡിയോയില്‍, വിമര്‍ശനവുമായി കസബയുടെ സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ രംഗത്തെത്തിയിരിക്കുകയാണ്. ടോക്‌സിക് ടീസറില്‍ നായകനായ യഷ് സ്ത്രീകളെ എടുത്ത് ഉയര്‍ത്തുന്നതും, അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിതിന്‍ രണ്‍ജി പണിക്കരുടെ വിമർശനം.

സംസ്ഥാനം കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നിതിന്‍ കുറിച്ചത്.

തന്റെ കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച അതേ വ്യക്തി മറ്റൊരു ഭാഷയില്‍ സിനിമ ചെയ്തപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി എന്നാണ് നിതിന്‍ പറയുന്നത്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് നിതിന്‍ രണ്‍ജി പണിക്കരുടെ പ്രതികരണം.

സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന ‘ആണ്‍നോട്ട’ങ്ങളിലാത്ത, ‘കസബ’യിലെ ‘ആണ്‍മുഷ്‌ക്ക്’ മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം… ”SAY IT SAY IT” എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോള്‍ ‘അവരുടെ’ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി.. – എന്ന് നിതിന്‍ രണ്‍ജിപണിക്കര്‍ കുറിച്ചു.

അതിനിടെ, ഗുഡ്വില്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കസബ നിര്‍മ്മിച്ച ജോബി ജോര്‍ജും കൗതുകകരമായ പോസ്റ്റിട്ടു. കസബയിലെ മമ്മൂട്ടിയുടെ ചിത്രത്തോടൊപ്പം ‘അന്നും ഇന്നും എന്നും രാജാവാട രാജന്‍ സക്കറിയ… ഒരു വരവുകൂടി വരും’ എന്ന ക്യാപ്ഷനുമായാണ് ജോബി ജോര്‍ജിന്റെ പോസ്റ്റ് എത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.

രാജന്‍ സക്കറിയ എന്ന പോലീസ് കഥാപാത്രമായാണ് മമ്മൂട്ടി കസബയിലെത്തിയത്. നിതിന്‍ രണ്‍ജി പണിക്കര്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ നേഹ സക്‌സേന, സമ്പത്, വരക്ഷ്മി ശരത്കുമാര്‍, ജഗദിഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഐഎഫ്എഫ് കെ ഓപ്പണ്‍ ഫോറത്തിലെ, മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിമര്‍ശനം താരത്തിന് എതിരാണെന്ന തരത്തില്‍ ആരാധകര്‍ വ്യാഖ്യാനിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പാര്‍വതിയെ വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്തു

യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്​സിക് എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ് ഈ വര്‍ഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നാണ്. യഷിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്‍റെ പ്രത്യേക ഗ്ലിംപ്സ് ഇന്ന് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ യഷിനെ പറ്റിയുള്ള ഗീതുവിന്‍റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ടോക്​സിക് എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്​സ് പരമ്പരാഗത മാമൂലുകളെ ധിക്കരിക്കുമെന്നും നമ്മുടെ ഉള്ളിലെ കാലാപങ്ങളെ പ്രകോപിപ്പിക്കുമെന്നും ഗീതു കുറിച്ചു. യഷിനെ അറിയുന്നവർക്കും  പിന്തുടരുന്നവർക്കും അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ വളരെ നിഗൂഢമാണെന്ന് ഗീതു പറയുന്നു.

മറ്റുള്ളവർ സാധാരണം എന്ന് കല്‍പ്പിക്കുന്നിടത്ത് അസാധാരണമായത് കാണുന്ന ഒരു മനസിനൊപ്പം ടോക്സിക്കിന്‍റെ ലോകം എഴുതാൻ കഴിഞ്ഞത് ഒരു ഭാഗ്യവും ഒപ്പം ആവേശകരവുമാണ്. നമ്മുടെ രണ്ട് ചിന്താധാരകൾ കൂട്ടിച്ചേരുമ്പോൾ, അതിന്‍റെ ഫലം വിട്ടുവീഴ്ചകളോ പ്രശ്​നങ്ങളോ ആയിരുന്നില്ല, അത് അതിർത്തികളും ഭാഷകളും സാംസ്കാരിക പരിമിതികളും കടന്ന്, കൊമേഴ്​സ്യല്‍ സിനിമയുടെ കൃത്യതയും കലാപരമായ വീക്ഷണവും ഒരുമിക്കുമ്പോൾ സംഭവിക്കുന്ന പരിവർത്തനമായിരുന്നു, ഗീതു കുറിച്ചു.

content highlight: nithin-renji-panicker-against-geethu-mohandas