Entertainment

യാഷിന്റ മസ് എൻട്രി ; ഗീതു മോഹൻദാസിൻ്റെ ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്’ ടീസർ പുറത്ത്

കെജിഎഫ് സിനിമകളിലൂടെ പ്രേക്ഷക മനം കീഴടക്കിയ കന്നഡ താരം യഷ് നായകനാകുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. ഗീതു മോഹൻദാസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രോമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നടന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ നടന്റെ മറ്റൊരു മാസ് കഥാപാത്രം പ്രതീക്ഷിക്കാം എന്ന് ഉറപ്പ് നൽകുന്നതാണ് വീഡിയോ. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് യാഷ്  തിരിച്ചെത്തുന്നത്.

വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ച് സ്റ്റൈലിഷായി ക്ലബ്ബിലേക്ക് നടക്കുന്ന യഷിനെയാണ് ഗ്ലിംപ്സില്‍ കാണുന്നത്. മലയാളി താരം സുദേവ് നായരും ഒപ്പമുണ്ട്. പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ടോക്സിക്. 2025ല്‍ സിനിമാ പ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന റിലീസുകളിലൊന്നുകൂടിയാണ് ടോക്​സിക്. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷിന്റേതായി പുറത്തിറങ്ങുന്ന സിനിമ എന്നതിനാൽ തന്നെ സിനിമയുടെ മേൽ വലിയ ഹൈപ്പാണുള്ളത്. ഏപ്രിൽ 10-നാണ് സിനിമ റിലീസ് ചെയ്യുന്നത്. യാഷിന്‍റെ പത്തൊന്‍പതാം സിനിമയാണിത്.

ബ്രിട്ടീഷ് ടീവി ഷോ പീക്കി ബ്ലൈൻഡേഴ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗീതു മോഹൻദാസ് ടോക്സിക് ഒരുക്കിയിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ‘ഹിസ് അൺറ്റെയിംഡ് പ്രെസെൻസ് ഇസ് യുവർ എക്സിസ്റ്റൻഷ്യൽ ക്രൈസിസ്’ എന്നാണ് പോസ്റ്റർ വാചകമായി കൊടുത്തിരിക്കുന്നത്. ചിത്രം ആക്ഷൻ മൂവി ആണെങ്കിലും പതിവിനു വിപരീതമായി ഫീമെയിൽ കാഴ്ചപ്പാടിൽ ആവും കഥ പറയുകയെന്നാണ് ഗീതു മോഹൻദാസ് പറയുന്നത്. ചിത്രത്തിൽ കിയാരാ അദ്വാനിയും നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വെളുത്ത ടക്‌സീഡോ ജാക്കറ്റും ഫെഡോറയും ധരിച്ച് വിന്റേജ് കാറിൽ പുറം തിരിഞ്ഞ് നിൽക്കുന്ന യഷാണ് പോസ്റ്ററിലുണ്ടായിരുന്നത്.

കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. ഗീതു മോഹൻദാസ് എന്ന സംവിധായികയുടെ പേരും ഒപ്പം ചേരുന്നതിനാൽ മലയാള സിനിമാപ്രേമികൾക്ക് ഈ ചിത്രത്തിന് മേൽ ഇരട്ടി പ്രതീക്ഷയുമുണ്ട്.