പുതുവർഷത്തിൽ നടൻ നിവിൻ പോളി സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. വണ്ണം കുറഞ്ഞ് വലിയ ട്രാൻസ്ഫർമേഷനിലാണ് നിവിനെ ചിത്രങ്ങളിൽ കാണാനായത്. കുറച്ചു നാളുകളായി ശരീര വണ്ണത്തിന്റെ പേരിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുന്ന താരത്തിന്റെ തിരിച്ചുവരവ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. പഴയ പ്രസരിപ്പും ഊർജവും നിവിനിൽ കാണാനാകുന്നുണ്ടെന്നും ഇതേ ലുക്കിൽ എത്രയും പെട്ടന്നൊരു സിനിമ ചെയ്യൂ എന്നൊക്കെ ആരാധകർ പോസ്റ്റിന് താഴെ കുറിച്ചിരുന്നു. ഇപ്പോഴിതാ വമ്പൻ ബജറ്റിൽ പുതിയ ചിത്രത്തിന് ഒരുങ്ങുകയാണ് നിവിൻ എന്ന് തന്നെയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഗോകുലം മൂവീസ് നിർമ്മിക്കുന്ന നിവിൻ പോളിയുടെ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. 2025 ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. സംവിധാനം ആരെന്നതുള്‍പ്പെടെയുള്ള അണിയറക്കാരുടെ പേരുവിവരങ്ങളൊക്കെയാണ് ഇനി പുറത്തുവരാനുള്ളത്.
അതേസമയം, 2024ൽ രണ്ടു ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി തിയറ്ററുകളിലെത്തിയത്. മലയാളി ഫ്രം ഇന്ത്യയും വർഷങ്ങൾക്കു ശേഷവും. നിവിൻ അതിഥിവേഷത്തിലെത്തിയ വർഷങ്ങൾക്കു ശേഷം ബോക്സ്ഓഫിസിൽ വിജയം നേടി. ചിത്രത്തിലെ നിവിന്റെ കഥാപാത്രവും ഏറെ ആഘോഷിക്കപ്പെട്ടു.
തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ഏഴ് കടൽ ഏഴ് മലൈ എന്ന ചിത്രവും നിവിന്‍ പോളിയുടേതായി പുറത്തെത്താനുണ്ട്. മമ്മൂട്ടിയെ നായകനാക്കി പേരന്‍പ് എന്ന ചിത്രമൊരുക്കിയ റാമിന്‍റെ പുതിയ ചിത്രത്തില്‍ നിവിന്‍ ആണ് നായകന്‍. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ‘ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ’ എന്ന മത്സര വിഭാഗത്തിലേക്കും 46-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്’ എന്ന കാറ്റഗറിയിലേക്കും ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിവിൻ പോളിക്ക് പുറമെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരിയാണ്.