Entertainment

കാത്തിരിപ്പുകൾ വെറുതെയാകും ! ദൃശം 3 ഉണ്ടായേക്കില്ല ? മോഹൻലാൽ വിശദീകരിക്കുന്നത് ഇങ്ങനെ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. ഒരു സാധാരണ കുടുംബ ചിത്രം എന്ന രീതിയിൽ വന്ന് പ്രേക്ഷകരെ ഞെട്ടിച്ച സിനിമയാണ് ദൃശ്യം. മലയാള സിനിമക്ക് പാന്‍ ഇന്ത്യന്‍ റീച്ച് കൊണ്ടുവന്ന സിനിമ കൂടിയാണ് ദൃശ്യം. 2013ല്‍ റിലീസായ ഈ ചിത്രം മലയാളികള്‍ അതുവരെ കണ്ടുശീലിച്ച ത്രില്ലറുകളില്‍ നിന്നും വളരെ വ്യത്യസ്‌തമയാണ് ഒരുക്കിയിട്ടുള്ളത്. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ഈ ചിത്രത്തെ മലയാളത്തിലെ ക്ലാസിക്ക് ചിത്രമായാണ് ആരാധകര്‍ ഏറ്റെടുത്തത്. ഏഴ് ഭാഷകളിലാണ് ഈ ചിത്രം റിലീസ് ചെയ്‌ത്.

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ ‘ദൃശ്യം 2’ സിനിമയും ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാതെ വമ്പൻ ഹിറ്റായി മാറി. ആദ്യ രണ്ട് ഭാ​ഗങ്ങളും വലിയ ഹിറ്റായതിനാൽ മൂന്നാം ഭാ​ഗം വേണമെന്നാണ് പ്രേക്ഷകരുടെ ആ​ഗ്രഹം. ദൃശ്യം 3യുമായി ബന്ധപ്പെട്ട് അടുത്തിടെ കൊടുത്ത ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിന്‍റെ വാക്കുകള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമെന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. അത്തരം പ്രചരണങ്ങളെ തിരുത്തി ജീത്തു ജോസഫും രംഗത്തെത്തിയിരുന്നു. മൂന്നാം ഭാഗത്തിന്‍റെ എഴുത്ത് കഴിഞ്ഞിട്ടില്ലെന്നും ശ്രമങ്ങള്‍ നടക്കുന്നതേ ഉള്ളൂവെന്നും ജീത്തു അന്വേഷണങ്ങളോട് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 ന്‍റെ ഭാവിയെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കുകയാണ് മോഹന്‍ലാല്‍.

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെയാണ്. -‘ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഒരുക്കുക എളുപ്പമല്ല. പക്ഷേ ഞങ്ങള്‍ ശ്രമിക്കുകയാണ്. അങ്ങനെയൊന്ന് വന്നാല്‍ അത് ദൃശ്യം 2 നേക്കാള്‍ മികച്ച ചിത്രമായിരിക്കണം. അങ്ങനെയല്ലെങ്കില്‍ മൂന്നാം ഭാഗവുമായി ഞങ്ങള്‍ വരില്ല. കാരണം ഞങ്ങള്‍ ഒരു പേര് ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. അത് കളഞ്ഞുകുളിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല.’ എന്നാണ് താരം പറയുന്നത്. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ പ്രതികരണം.