ജോഫിന്‍ ചാക്കോയുടെ സംവിധാനത്തില്‍ ആസിഫ് അലിയും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളിലെത്തുന്ന രേഖാചിത്രം വ്യാഴാഴ്ച തിയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ചിത്രത്തില്‍ ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് ഒളിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് ആസിഫലി. രേഖാചിത്രത്തില്‍ മമ്മൂട്ടിയുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയാണ് താരം സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്.
ചിത്രത്തിൽ മമ്മൂട്ടി എത്തുന്നുണ്ടോ എന്നത് തൽക്കാലം പറയാൻ കഴിയില്ലെന്നും എന്നാൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ നിരാശരാവില്ലെന്നും ആസിഫ് അലി പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം. സിനിമയ്ക്ക് എല്ലാ വിധ പിൻബലവും നൽകിയതിന് മമ്മൂക്കയോടുള്ള നന്ദിയും ആസിഫ് പങ്കുവെച്ചു.
‘രേഖാചിത്രം’ എന്ന എന്റെ ഏറ്റവും പുതിയ ചിത്രം നാളെ തിയറ്ററുകളിലെത്തുകയാണ്. ഈ സിനിമയില്‍ മമ്മൂക്കയുണ്ടോ എന്ന ചോദ്യവും, ഉത്തരം തേടിയുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നിങ്ങളെയൊക്കെ പോലെ തന്നെ ഞാനും കാണുന്നുണ്ട്. അതിനു നേരിട്ടൊരു മറുപടി തരാന്‍ ഈ ചിത്രത്തില്‍ അഭിനയിച്ച ഒരു നടന്‍ എന്ന നിലയില്‍ തല്‍ക്കാലം എനിക്ക് കഴിയില്ല. എങ്കിലും ഈ ചിത്രത്തില്‍ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവര്‍ ആരും തന്നെ നിരാശരാവില്ല എന്ന് ഞാന്‍ ഉറപ്പ് തരുന്നു.നിങ്ങളെ കാത്ത് ഒരു കുഞ്ഞു സര്‍പ്രൈസ് ഈ സിനിമയില്‍ ഒളിഞ്ഞു കിടപ്പുണ്ട്. സിനിമയുടെ റിലീസ് കാത്തു നില്‍ക്കുന്ന ഈ രാത്രിയില്‍, നിങ്ങളെല്ലാവരുടെയും മുന്നില്‍ വച്ച് തന്നെ പറയണ്ട മറ്റൊരു കാര്യമുണ്ട് – അത് മമ്മൂട്ടി എന്ന മഹാനടനോടും, ഒരുപക്ഷെ അതിലേറെ, ഞാന്‍ ഒരുപാട് സ്‌നേഹിക്കുകയൂം ബഹുമാനിക്കുകയും ചെയ്യുന്ന മമ്മൂക്ക എന്ന വ്യക്തിയോടും ഉള്ള എന്റെ നന്ദിയാണ്. കാരണം അദ്ദേഹത്തിന്റെ സമ്മതവും, അനുഗ്രഹവും, അദ്ദേഹം തന്ന ധൈര്യവും, ഞങ്ങളോടും ഈ സിനിമയോടും അദ്ദേഹം കാണിച്ച തുറന്ന മനസ്സും ഇല്ലാതെ, ഒരിക്കലും ഈ സിനിമ സംഭവിക്കില്ലായിരുന്നു. ഈ സിനിമയിലെന്ന പോലെ, എന്റെ കരിയറിലും, ദിശാബോധവും ധൈര്യവും തന്ന ഒരു നെടുംതൂണായി അദ്ദേഹത്തിന്റെ പ്രെസെന്‍സ് എന്നുമുണ്ടായിരുന്നു. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞാല്‍ തീരുന്നതല്ല, എന്നാലും മമ്മൂക്ക – എന്റെ മനസ്സും ഉള്ളും നിറഞ്ഞ നന്ദി’- ആസിഫ് അലി കുറിച്ചു.
ചിത്രം നിർമിക്കുന്നത് കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ്. 2024ൽ ‘തലവൻ’, ‘അഡിയോസ് അമിഗോ’, ‘ലെവൽ ക്രോസ്’, ‘കിഷ്കിന്ധാ കാണ്ഡം’ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ആസിഫ് അലിയുടെ അടുത്ത ബെഞ്ച് മാർക്കായിരിക്കും ‘രേഖാചിത്രം’ എന്ന പ്രതീക്ഷയിലാണ് ആരാധകർ.