പാൻ ഇന്ത്യൻ താരം യഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ടോക്സിക്. ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസ് ആണ്. ചിത്രത്തിന് ‘ടോക്സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക വിമർശനങ്ങളാണ് ഗീതു മോഹൻദാസിനെതിരെ വരുന്നത്. അതിൽ വലിയ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നത് കസബ അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത നിഥിന്‍ രഞ്ജി പണിക്കർ ആണ്.
മമ്മൂട്ടിയെ നായകനാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രം സിനിമകളിലെ സ്ത്രീവിരുദ്ധതയെ ചൊല്ലിയുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചവരില്‍ ഡബ്ല്യുസിസി അംഗങ്ങളും ഉണ്ടായിരുന്നു. ഗീതു മോഹന്‍ദാസിന്‍റെ ഡബ്യുസിസി പശ്ചാത്തലം സൂചിപ്പിച്ചുകൊണ്ടാണ് കസബ സംവിധായകന്‍റെ പോസ്റ്റ്. ടോക്സിക് ചിത്രത്തെ പരിഹസിച്ചുകൊണ്ടാണ് നിഥിന്റെ പോസ്റ്റ്.
നിഥിന്‍ രഞ്ജി പണിക്കരുടെ പോസ്റ്റ് ഇങ്ങനെയാണ്. – ‘സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീശരീരത്തെ വസ്തുവത്കരിക്കുന്ന ‘ആണ്‍നോട്ട’ങ്ങളില്ലാത്ത, ‘കസബ’യിലെ ‘ആണ്‍മുഷ്ക്ക്’ മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്കാരം. ‘സേ ഇറ്റ്, സേ ഇറ്റ്’! എന്ന് പറഞ്ഞ് ഗിയര്‍ കേറ്റിവിട്ട പുള്ളി, പക്ഷേ സ്റ്റേറ്റ് കടന്നപ്പോള്‍ ‘അവരുടെ’ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വ്വം തിരുത്തി?’ എന്നിങ്ങനെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റ്.
പിന്നാലെ മറുപടി എന്നോണം ഗീതു മോഹൻദാസും ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ടോക്സിക് എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ് പരമ്പരാഗത മാമൂലുകളെ ധിക്കരിക്കുമെന്നും നമ്മുടെ ഉള്ളിലെ കാലാപങ്ങളെ പ്രകോപിപ്പിക്കുമെന്നും ഗീതു കുറിച്ചു. യഷിനെ അറിയുന്നവർക്കും പിന്തുടരുന്നവർക്കും അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ വളരെ നിഗൂഢമാണെന്ന് ഗീതു പറയുന്നു. മറ്റുള്ളവർ സാധാരണം എന്ന് കല്‍പ്പിക്കുന്നിടത്ത് അസാധാരണമായത് കാണുന്ന ഒരു മനസിനൊപ്പം ടോക്സിക്കിന്‍റെ ലോകം എഴുതാൻ കഴിഞ്ഞത് ഒരു ഭാഗ്യവും ഒപ്പം ആവേശകരവുമാണ്. കലയുടെ സൃഷ്ടി പവിത്രമാണെന്ന് യഷ് എന്നെ പഠിപ്പിച്ചു. ഇതൊരു സംവിധായിക അവരുടെ നടനെ പറ്റി മാത്രം പറയുന്നതല്ലെന്നും യഷിന്‍റെ അചഞ്ചലമായ അഭിനിവേശവും സർഗ്ഗാത്മകതയും മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ആർക്കും പറയാനാവുന്നതാണ്. ഞങ്ങളുടെ മോൺസ്റ്റർ മനസ്സിന് ജന്മദിനാശംസകൾ എന്ന് പറഞ്ഞാണ് ഗീതു കുറിപ്പ് അവസാനിപ്പിച്ചത്.