Entertainment

‘ബോബി ചെമ്മണ്ണൂരിന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കണം, അയാൾ ഒരു കോമാളി’ : അഖിൽ മാരാർ

സിനിമ സംവിധായകന്‍ എന്ന നിലയിലും, രാഷ്ട്രീയ നിരൂപകന്‍ എന്ന നിലയിലുമെല്ലാം പ്രശസ്തി നേടിയ വ്യക്തിയാണ് അഖിൽ മാരാർ. ബി​ഗ് ബോസ് ഷോയാണ് അഖിൽ മാരാരുടെ പ്രശ്സതി ഉയർത്തിയത്. സിനിമ സംവിധാനവും സാമൂഹിക കാര്യങ്ങളുമൊക്കെയായി അഖില്‍ ഇപ്പോഴും തിരക്കിലാണ്. സമൂഹത്തിൽ ചർച്ചയാകുന്ന മിക്ക വിഷയങ്ങളിലും പ്രതികരിക്കാറുമുണ്ട്. ഇപ്പോൾ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയ ഹണി റോസിന് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് അഖിൽ മാരാർ. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനമാണ് അഖിൽ മാരാർ ഉന്നയിച്ചത്.

ബോബി ചെമ്മണ്ണൂർ ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തുന്ന വ്യക്തിയാണെന്നും നേരത്തെയും താൻ ഇയാൾക്ക് എതിരെ പ്രതികരിച്ചിട്ടുണ്ടെന്നും അഖിൽ മാരാർ പറയുന്നു. അയാളുടെ പല പ്രവൃത്തികളും കണ്ടാൽ ചെവിക്കല്ല് അടിച്ച് പൊട്ടിക്കാൻ തോന്നും എന്നുകൂടി അഖിൽ കൂട്ടിച്ചേർക്കുന്നു. പല ബിസിനസുകാരെയും നാം കേരളത്തിൽ കണ്ടിട്ടുണ്ടെങ്കിലും ജനങ്ങളെ ഏതൊക്കെ രീതിയിൽ പറ്റിച്ചു തന്റെ കാര്യം നേടിയെടുക്കാമെന്നുള്ള ചിന്തയുള്ള ഒരേയൊരാൾ ബോബി ചെമ്മണ്ണൂർ ആണ് എന്ന് കൂടി അഖിൽ വിമർശിക്കുന്നു.

അഖിലിന്റെ വാക്കുകൾ ഇങ്ങനെയാണ്. -‘കേരളത്തിൽ ഇപ്പോൾ കത്തി നിൽക്കുന്ന വിഷയമാണല്ലോ ബോബി ചെമ്മണ്ണൂർ-ഹണി റോസ് വിഷയം. ഈ ബോബി ചെമ്മണ്ണൂർ എന്ന് പറയുന്ന കക്ഷിയെ കാണുന്ന കാഴ്‌ചയിൽ ചെവിക്കല്ല് ഒന്ന് അടിച്ചുപൊട്ടിക്കണം എന്ന് തോന്നിയിട്ടുള്ള തരം പ്രവർത്തികളാണ് അയാൾ എല്ലാ രീതിയിലും ചെയ്‌തിട്ടുള്ളത്. കേരളത്തിൽ നാം പല ബിസിനസുകാരെയും കണ്ടിട്ടുണ്ട്. പക്ഷേ ബിസിനസുകാരിൽ ഏതൊക്കെ രീതിയിൽ ജനത്തെ പറ്റിച്ച് സ്വന്തം കാര്യം നേടിയെടുക്കാം എന്ന് കരുതുന്നത് ഇയാളാണ്. അതിൽ ഏറ്റവും വലിയ തട്ടിപ്പായി ഒരുപക്ഷേ മലയാളികൾ മുഴുവൻ പോയി വീണത് ചാരിറ്റി തട്ടിപ്പ് എന്ന് പറയുന്ന കാര്യത്തിലായിരിക്കും.

ഹണി റോസിനെ അപമാനിച്ച വിഷയത്തിൽ ഇപ്പോഴാണോ മറുപടി പറയുന്നത് എന്ന് നിങ്ങൾ ചോദിക്കും. ഞാൻ മുൻപ് ബിഗ് ബോസ് കഴിഞ്ഞ സമയത്ത് ഏഷ്യാനെറ്റിന്റെ ഷൂട്ടിന്റെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ഞാറയ്ക്കലുള്ള ഷാപ്പുണ്ട്, അവിടെ അയാൾ തുണി അഴിച്ചാടി കൊറേ ബഹളങ്ങൾ ഒക്കെയുണ്ടാക്കിയത് നിങ്ങൾ എല്ലാവരും കണ്ടതായിരിക്കും. അന്ന് ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ ഇപ്പോൾ നിർത്തിയില്ലേൽ ഫോൺ വലിച്ചു എറിയുമെന്ന് എനിക്ക് പറയേണ്ടി വന്നിരുന്നു. അന്ന് ഏഷ്യാനെറ്റ് നമ്മുടെ പരിപാടിയുടെ സ്പോൺസർ ആണെന്ന് പറഞ്ഞപ്പോൾ നമ്മുടെ അല്ല നിങ്ങളുടെ എന്ന് ധൈര്യപൂർവം പറഞ്ഞയാളാണ് ഞാൻ. പൊതുവെ സ്ത്രീകളെ അപമാനിക്കുന്ന ഒരു കോമളിക്ക് കിട്ടിയ അടിയായിട്ടാണ് ഇപ്പോൾ പോലീസ് എടുത്ത നടപടിയെ ഞാൻ നോക്കി കാണുന്നത്.’ എന്നിങ്ങനെയാണ് അഖിൽ മാരാരിന്റെ വാക്കുകൾ. വീഡിയോയിൽ ബോബിക്കെതിരെ നടപടി എടുത്ത കേരള പോലീസിനെ അഖിൽ മാരാർ അഭിനന്ദിക്കുകയും ചെയ്‌തു.