തിരുവനന്തപുരം: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയ താരമാണ് ഹണി റോസ്. അതിന് പിന്നാലെ തന്നെ അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും താരം നിയമനടപടിക്കൊരുങ്ങിയിരുന്നു. ഇതിനിടയിലാണ് ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ച് രാഹുൽ ഈശ്വർ രംഗത്ത് എത്തിയത്. അതിന് പിന്നലെ തന്നെ രാഹുൽ ഈശ്വറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഹണി റോസും എത്തിയിരുന്നു. ഇപ്പോൾ സംഭവത്തിൽ വീണ്ടും പ്രതികരിക്കുകയാണ് രാഹുൽ ഈശ്വർ. ഹണി റോസ് വിമർശനത്തിന് അതീതയല്ല എന്നും വിമർശിക്കാതിരിക്കാൻ അവർ മദർ തെരേസയൊന്നും അല്ലല്ലോ എന്നുെം അദ്ദേഹം പറഞ്ഞു. ഹണി റോസിന്റെ വിമർശനത്തിനോടുള്ള ചോദ്യത്തിന് ഒരു മാധ്യമത്തോട് ആയിരുന്നു പ്രതികരണം.
“ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ വിമർശിക്കാൻ മടികാണിക്കാത്ത രാഹുൽ ഈശ്വറിന് ഹണി റോസിനെ വിമർശിക്കാൻ മടിയുണ്ടാവുമോ എന്നത് ചിന്തിച്ചാൽ മതി. ഹണി റോസ് വിമർശനത്തിന് അതീതയല്ല. വിമർശിക്കാതിരിക്കാൻ അവർ മദർ തെരേസയൊന്നും അല്ലല്ലോ. വസ്ത്രധാരണവും സംസാരിക്കുന്നതും എല്ലാ വ്യക്തിയുടേയും സ്വാതന്ത്ര്യമാണ്. വാക്കുകൾ അമിതമാകരുത്. വസ്ത്രധാരണത്തിൽ സഭ്യതയുണ്ടാവണം. വാക്കിനും വസ്ത്രധാരണത്തിനും മാന്യതവേണം.
ഹണി റോസിന്റെ വസ്ത്രധാരണം ഓവറാണെന്ന് ചിന്തിക്കാത്ത ഏതെങ്കിലും മലയാളിയുണ്ടോ? നമ്മൾ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമുണ്ടോ? ബോബി ചെമ്മണ്ണൂർ പറഞ്ഞതിനെ ആരും ന്യായീകരിച്ചിട്ടില്ല. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിക്കണമെന്നാണ് ഞാൻ ഹണി റോസിനോട് അഭ്യർത്ഥിച്ചത്. മൂന്നു വർഷം വരെ ഒരാളെ അകത്തിടാനുള്ള കേസുണ്ടോയെന്ന് ഹണി റോസ് ചിന്തിക്കണം.” രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
ഭാഷയുടെ കാര്യത്തിലുള്ള നിയത്രണം രാഹുൽ ഈശ്വറിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്നും തന്ത്രി കുടുംബത്തിൽ ജനിച്ച ആളാണെങ്കിലും രാഹുൽ ഈശ്വർ പൂജാരി ആകാതിരുന്നത് നന്നായി എന്നും അല്ലെങ്കിൽ അദ്ദേഹം ക്ഷേത്രത്തിലും സ്ത്രീകൾക്ക് ഡ്രസ് കോഡ് ഉണ്ടാക്കിയേനെ എന്നിങ്ങനെയാണ് ഹണിയുടെ വിമർശനം.
ഹണി റോസിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ- ‘താങ്കളുടെ ഭാഷയുടെ മുകളിൽ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചർച്ചക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ടു തന്നെ രാഹുൽ ഉണ്ടെങ്കിൽ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുൽ നിൽക്കും. ചർച്ചകൾക്ക് രാഹുൽ ഈശ്വർ എന്നും ഒരു മുതൽക്കൂട്ടാണ്. സ്ത്രീകൾ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്‌താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിർവീര്യം ആക്കും.
പക്ഷെ തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കിൽ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം.’ എന്ന് ഹണി റോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അതേസമയം ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിൽ തന്റെ പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് ഹണി റോസ് വ്യക്തമാക്കിയിരുന്നു. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട ഇരുപതോളം യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ ഹണി റോസ് പോലീസിന് കൈമാറും. കേസുമായി ബന്ധപ്പെട്ട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും ആവർത്തിച്ച ബോബി ചെമ്മണ്ണൂർ കുറ്റബോധത്തിന്റെ ആവശ്യമില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിനിടെ നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.
CONTENT HIGHLIGHT: rahul eswar on honey rose post