കലോത്സവത്തിന്റെ സമാപന ദിവസം വേദിയിൽ എത്തിയ ടൊവിനോ തോമസ് തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പ്രസംഗിച്ച് വേദിയെ ചിരിപ്പിച്ചു. കറുത്ത ഷർട്ടും വെള്ള മുണ്ടും ധരിച്ചായിരുന്നു താരം വേദിയിലേക്ക് എത്തിയത്. ഈ വസ്ത്രം പ്രേക്ഷക അഭിപ്രായം മാനിച്ചാണെന്നും ടൊവിനോ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടിരുന്നു. ഏതു വേഷത്തിലും തന്നെ കാണാൻ ഇഷ്ടമാണെന്ന് അതിൽ പറഞ്ഞിരുന്നു. കറുത്ത ഷര്‍ട്ടും വെള്ള മുണ്ടു ധരിച്ച് വന്നാൽ നന്നായിരിക്കുമെന്ന് വീഡിയോയിൽ ചിലര്‍ പറഞ്ഞിരുന്നുവെന്നും ടൊവിനോ പറയുന്നു. സമാപന വേദിയിൽ ടൊവിനോ അത്തരത്തിലുള്ള വസ്ത്രം ധരിച്ച് വരുന്നത് കാണാൻ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. വീഡിയോയിൽ മോഡേണ്‍ ഡ്രസ് ധരിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തവണ അതിനാൽ തന്നെ അവരുടെ ആവശ്യപ്രകാരം കറുത്ത ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ചാണ് എത്തിയതെന്നും അടുത്ത തവണ മറ്റുള്ളവര്‍ പറഞ്ഞ ആഗ്രഹങ്ങള്‍ പാലിക്കാൻ ശ്രമിക്കാമെന്നും ടൊവിനോ പറഞ്ഞു.
അതേസമയം വേദിയിൽ നിൽക്കുമ്പോൾ സന്തോഷവും പ്രതീക്ഷയുമുണ്ടെന്ന് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സമാപന വേദിയിൽ നടൻ ടൊവിനോ തോമസ് പറഞ്ഞു. വിതം മുഴുവൻ കലയെ കൈവിടാതിരിക്കണമെന്നും കലയ്ക്ക് മനുഷ്യരെ സ്നേഹിക്കാനാകുമെന്നും ഇത്രയും വലിയ കലോത്സവം നടത്താൻ പ്രയ്തനിച്ച സംഘാടകരായ എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും ടൊവിനോ തോമസ് പറഞ്ഞു.
സ്കൂളിൽ പഠിക്കുമ്പോൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം കിട്ടിയാൽ ജില്ലയിലെ സ്കൂളുകൾക്ക് അവധി കിട്ടുമെന്നുള്ളത് മാത്രമാണ് തനിക്ക് കലോത്സവവുമായുള്ള ബന്ധമെന്നും ടൊവിനോ പറഞ്ഞു. വളരെയധികം സന്തോഷവും അഭിമാനവും ഉണ്ട് ഈ വേദിയിൽ നിൽക്കാനായതിൽ. എന്നാൽ, ഇന്ന് ഞാൻ പ്രവര്‍ത്തിക്കുന്നത് സിനിമയെന്ന കലയാണ്. ഇനി എനിക്ക് പറയാനാകും ഞാൻ സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ പങ്കെടുത്തിട്ടുള്ളയാളാണെന്ന്. കലാരംഗത്തിന്‍റെ ഭാവിയുടെ വാഗ്ദാനങ്ങളായി ഇത്രയധികം പേര്‍ വളര്‍ന്ന് വരുന്നത് കാണുമ്പോള്‍ അഭിമാനമുണ്ട്. ഭാവിയിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കലയെ കൈവിടാതെ നിര്‍ത്തണം. ആളുകളെ സ്നേഹിക്കാനും സമാധാനം ഉണ്ടാകാനുമൊക്കെ കലാകാരന്‍മാരായും കലാകാരികളായും തുടരുക. വിജയികള്‍ക്കും പരാജയപ്പെട്ടവര്‍ക്കും അഭിനന്ദനങ്ങളെന്നും ടൊവിനോ കൂട്ടിച്ചേർത്തു.