താരൻ നിസാരക്കാരനല്ലെന്ന് അതിന്റെ ബുദ്ധിമുട്ട് സഹിക്കുന്നവർക്ക് അറിയാം. മുടി കൊഴിച്ചിൽ മുതൽ പലതരം അലർജികൾക്കു വരെ താരൻ കാരണമാകും. ഇവ കൺപീലിയിലും പുരികത്തിലും പടർന്നാൽ അതു കടുത്ത അസ്വസ്ഥത ഉണ്ടാക്കും. താരനെ അത്ര ഭീകരനായി കാണേണ്ടതില്ല. ചില പൊടിക്കൈകൾ ഉപയോഗിച്ച് തുരത്തിയോടിക്കാം. എന്നാൽ ദീർഘകാലത്തേക്ക് ഇല്ലാതാക്കുക അത്ര എളുപ്പമല്ല. കൺപീലിയിലെയും പുരികത്തിലെയും താരനെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കാരണം കണ്ണ് ശരീരത്തിലെ സെൻസിറ്റീവ് ഭാഗമാണ്. അവിടെ മുടിയിൽ ഉപയോഗിക്കുന്ന ഷാംപൂ, മറ്റ് കെമിക്കലുകൾ എന്നിവ ഉപയോഗിക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കും. കൺപീലിയിലെയും പുരികത്തിലെയും താരനെ അകറ്റാൻ ചെയ്യാനാവുന്ന കാര്യങ്ങൾ ഇതാ.
കേശസംരക്ഷണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ആൽമണ്ട് ഓയിൽ. ഇത് പുരികത്തിലും കണ്‍പീലികളിലും ഉപയോഗിക്കാം. ആൽമണ്ട് ഓയിൽ ഒരു നാച്യുറൽ ക്ലെൻസറായി പ്രവർത്തിക്കുകയും കണ്ണിനു ചുറ്റുമുള്ള ഡെഡ് സ്കിൻ സെല്ലുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതു വഴി താരനെ നിയന്ത്രിക്കാനും സാധിക്കും. മാത്രമല്ല കൺപീലികളും പുരികവും കൊഴിഞ്ഞുപോകുന്നതും തടയുന്നു. ഒരു ടേബിൾ സ്പൂൺ ആൽമണ്ട് ഓയിൽ ഒരു ഗ്ലാസ് ബൗളിലെടുത്ത് ഏതാനും സെക്കന്റുകൾ ചൂടാക്കുക. രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് ഇതെടുത്ത് കൺപീലിയിലും പുരികത്തിലും പുരട്ടാം. അടുത്ത ദിവസം രാവിലെ തണുത്ത വെള്ളംകൊണ്ട് കഴുകാം. എല്ലാ ദിവസവും ആവർത്തിക്കുക.
താരനെ പ്രതിരോധിക്കാൻ കറ്റാർവാഴയുടെ നീരിന് കഴിവുണ്ട്. താരന് കാരണമായേക്കാവുന്ന സൂക്ഷ്മജീവികളെ ഇല്ലാതാക്കുകയാണ് കറ്റാർവാഴ ചെയ്യുന്നത്. കറ്റാർവാഴയുടെ നീര് പുരികത്തിനു മുകളിലും കൺപോളയിലും പുരട്ടുക. 5 മിനിറ്റിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകികളയുക. ഇതു ദിവസവും ആവർത്തിക്കുക.
മലസ്സേസ്സിയ എന്ന ഫംഗസ് കാരണമാണ് പലരിലും താരൻ ഉണ്ടാകുന്നത്. ടീ ട്രീ ഓയിലിന് ഈ ഫംഗസിനെ തുരത്താനുള്ള കഴിവുണ്ട്. ഒരു ഗ്ലാസ് ബൗളിൽ അൽപം ടീ ട്രീ ഓയിലെടുത്ത് മൈക്രോ വേവിൽവച്ച് ചൂടാക്കുക. ശേഷം ഒരു കോട്ടൻ തുണി ഉപയോഗിച്ച് കൺപീലിയിലും പുരികത്തിലും ടീ ട്രീ ഓയിൽ പുരട്ടാം. 10 മിനിറ്റിനുശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. ദിവസവും മൂന്നു തവണ ഇത് ആവർത്തിക്കുക.
സാധാരണ ഷാംപൂ ഉപയോഗിക്കുന്നതിന് പകരം ബേബി ഷാംപൂ ഉപയോഗിക്കാം. ഇത് താരനു കാരണമാകുന്ന ഫംഗസിനെയും ബാക്ടീരിയയേയും തുരത്തും. കൺപീലിയിലെയും പുരികത്തിലെയും എണ്ണമയം നിയന്ത്രിക്കുകയും ചെയ്യും. ഒരു ഗ്ലാസിൽ വെള്ളമെടുത്ത് അൽപം ബേബി ഷാംപൂ ചേര്‍ത്ത് മിക്സ് ചെയ്യുക. ഇളംചൂടുവെള്ളംകൊണ്ട് കഴുകിയ പുരികത്തിലും കൺപീലിയിലും ഇയർ ബഡ് ഉപയോഗിച്ച് ഈ മിശ്രിതം പുരട്ടുക. കുറച്ച് നേരത്തിനു ശേഷം കഴുകി കളയാം. ദിവസവും രണ്ടു തവണ ഇതു ചെയ്യാം.