എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ അസിസ്റ്റന്റുമാരുടെ (ഫയര്‍ സര്‍വീസസ്) നിയമനത്തിനുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള 89 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ലക്ഷ്യമിടുന്നത്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.aai.aero എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ജനുവരി 28 ആണ്. അപേക്ഷകര്‍ മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഫയര്‍ എന്നീ വിഷയങ്ങളില്‍ മൂന്ന് വര്‍ഷത്തെ അംഗീകൃത റെഗുലര്‍ ഡിപ്ലോമയോ 12-ാം ക്ലാസ് (റഗുലര്‍ പഠനം) പാസായവരോ ആയിരിക്കണം എന്നാണ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 31,000 രൂപ മുതല്‍ 92,000 രൂപ വരെ ശമ്പളം നല്‍കും.
രണ്ട് ഘട്ടങ്ങളിലെ നടപടിക്രമങ്ങളിലൂടേയാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് ആണ് ആദ്യ ഘട്ടം. ഇതില്‍ വിജയിക്കുന്നത് ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ 100-ല്‍ 50 മാര്‍ക്ക് എങ്കിലും സ്‌കോര്‍ ചെയ്യണം, അതേസമയം എസ്സി/എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 100-ല്‍ 40 മാര്‍ക്ക് മതി.
കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് വിജയിച്ചവര്‍ക്കെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനമുണ്ടായിരിക്കൂ. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിനും ഡോക്യുമെന്റ് വെരിഫിക്കേഷനും വിധേയരാകും. തുടര്‍ന്ന് ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പരിശോധനയും നടത്തും. വൈദ്യപരിശോധനയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തും.
ഡ്രൈവിംഗ് ടെസ്റ്റിന് യോഗ്യത നേടുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലൈറ്റ്, മീഡിയം അല്ലെങ്കില്‍ ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കേണ്ടതുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കുന്നവര്‍ ഫിസിക്കല്‍ എന്‍ഡുറന്‍സ് ടെസ്റ്റിലേക്ക് (പിഇടി) പോകും. ഇതില്‍ വിജയിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ അഞ്ച് നിര്‍ദ്ദിഷ്ട പരീക്ഷകളില്‍ 60 മാര്‍ക്ക് നേടിയിരിക്കണം.
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും തിരഞ്ഞെടുക്കാനുള്ള അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.
content highlight: airport-authority-invites-application