Entertainment

സൂപ്പർ ഹിറ്റ് ചിത്രം ‘സൂക്ഷ്‍മദര്‍ശിനി’ ഒടിടിയിലേക്ക് ; എവിടെ കാണാം ?

മലയാളത്തിന്റെ നസ്രിയ നായികയായി വന്ന ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തില്‍ ബേസിലാണ് നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം സി ജിതിൻ ആണ്. നവംബർ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. തിയേറ്ററുകളിൽ വിജയം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ചിത്രം ഈ മാസം 11ന് ഒടിടിയിൽ എത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുന്നത്.

കഥ മുന്നോട്ട് പോകുംതോറും ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് സിനിമയുടെ ഒഴുക്ക്. സൂക്ഷ്‍മദര്‍ശിനിയിലെ ഞെട്ടിക്കുന്ന ട്വിസ്റ്റുകള്‍ക്ക് തീയറ്ററില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ ആണ് നിര്‍മാണം. തിരക്കഥ ലിബിനും അതുലും ചേർന്നാണ്.സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

സൂക്ഷ്‍മദര്‍ശിനി ആഗോളതലത്തില്‍ 54.25 കോടി രൂപയാണ് നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 26.60 കോടി രൂപയും നേടിയത് എന്നാണ് ഔദ്യോഗിക കണക്ക്. സംവിധായകൻ ജിതിൻ എം സിയുടെ ഹിച്‍കോക്ക് സ്റ്റൈൽ മേക്കിങ്ങിനൊപ്പം നസ്രിയയുടെ മികച്ച പെർഫോമൻസ് കൂടിയാണ് ‘സൂക്ഷ്മദർശി’നിയെ സൂക്ഷ്മതയോടെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നത്.