നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് അർച്ചന കവി. ശേഷം ഏതാനും ചില സിനിമകളിൽ കൂടി വേഷമിട്ട താരം വിവാഹ ശേഷം സിനിമയിൽ വന്നിരുന്നില്ല. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവും നടത്തിയിരിക്കുകയാണ് അർച്ചന. പത്ത് വർഷത്തെ ഇടവേളയിൽ ഡിവോഴ്സ് അടക്കമുള്ള കാര്യങ്ങൾ നടന്നിരുന്നുവെന്ന് അടുത്തിടെ നടി തുറന്നു പറഞ്ഞിരുന്നു. അതേ കുറിച്ച് അർച്ചന പറഞ്ഞ കൂടുതൽ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
കുട്ടിക്കാലം മുതൽ സുഹൃത്തായിരുന്ന അബിഷ് മാത്യു ആയിരുന്നു അർച്ചനയുടെ ഭർത്താവ്. “ഞങ്ങൾ കുട്ടിക്കാലം തൊട്ടേയുള്ള ഫ്രണ്ട്സ് ആയിരുന്നു. പക്ഷേ വിവാഹം എന്നത് വ്യത്യസ്തമാണ്. ഒരു കൂരയ്ക്കുള്ളിൽ താമസിക്കുമ്പോഴാണല്ലോ യഥാർത്ഥ ആളെ മനസിലാകുന്നത്. അദ്ദേഹമോ ഞാനോ മോശപ്പെട്ട വ്യക്തികളല്ല. ഫ്രണ്ട്സായി നിന്നാൽ മതിയായിരുന്നു. അടുത്ത സ്റ്റെപ്പിലേക്ക് പോകാൻ പാടില്ലായിരുന്നു. ഞങ്ങൾ പിരിയാൻ കാരണം അത് വ്യക്തിപരമാണ്. അത് പൊതുവേദിയിൽ പറയാൻ താല്പര്യമുള്ള ആളല്ല ഞാൻ. എന്തോ കാരണം കൊണ്ട് ഒന്നിച്ചുള്ള ജീവിതം വർക്കൗട്ട് ആയില്ല. എനിക്ക് കിട്ടിയത് നല്ലൊരു വിവാഹവും നല്ല ഡിവോഴ്സുമായിരുന്നു. അത് അഭിമാനത്തോടെയാണ് ഞാൻ പറയുന്നത്. പരസ്പരം പഴിചാരനോ ചീത്ത പറയാനോ പോയിട്ടില്ല. അവൻ വേറെ കെട്ടിപ്പോയി. നമുക്ക് ഒരു ജീവിതമല്ലേ ഉള്ളൂ. അതിനിടയിൽ എന്തിനാണ് അനാവശ്യമായ പ്രശ്നങ്ങൾ”, എന്നാണ് അർച്ചന കവി പറഞ്ഞത്.
“സമയം എല്ലാം സുഖപ്പെടുത്തും. ഇപ്പോളൊരു പ്രശ്നം നമ്മൾ ഫേസ് ചെയ്യുന്നുണ്ടെങ്കിൽ രണ്ട് മൂന്ന് മാസം കഴിയുമ്പോൾ അതിന്റെ കാഠിന്യം കുറവായിരിക്കും. ഇന്റൻസിറ്റി കുറഞ്ഞ് കുറഞ്ഞ് ഇല്ലാണ്ടാവും. ബ്രേക്കപ്പ് എന്നത് ഈസിയല്ല. അതുപോലെ തന്നെ ഡിവോഴ്സും ഈസിയല്ല. എന്ത് പ്രശ്നം വന്നാലും എനിക്കൊപ്പം കുടുംബം ഉണ്ട്, അവര്‍ എന്‍റെ ഒപ്പം നില്‍ക്കുന്നവരാണ്. ഡിവോഴ്സ് സമയത്ത് അച്ഛനാണ് ഒപ്പം നിന്നത്. ഞങ്ങള്‍ കൂടെയുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഇനി ഒരു വിവാഹം വേണ്ട. ഡിപ്രഷൻ സ്റ്റേജിലായിരുന്നു ഞാൻ. അതിന് ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ട്”, എന്നും അർച്ചന കൂട്ടിച്ചേർത്തു. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടിയുടെ പ്രതികരണം.
content highlight : actress-archana-kavi-open-up-her-divorce